കൂത്തുപറമ്പ്: പരിസ്ഥിതി സൗഹൃദമെന്ന വ്യാജേന വിപണിയിലെത്തിക്കാൻ ശ്രമിച്ച വൻ നിരോധിത പ്ലാസ്റ്റിക് ശേഖരം കൂത്തുപറമ്പിൽ പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന 570 കിലോഗ്രാം വ്യാജ ബയോ കാരിബാഗുകളാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള മൊത്തവിതരണ സ്ഥാപനങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടുപോവുകയായിരുന്നു ഈ പ്ലാസ്റ്റിക് ശേഖരം. കാഴ്ചയിൽ ബയോ ഡിഗ്രേഡബിൾ ബാഗുകൾക്ക് സമാനമെന്ന് തോന്നിപ്പിക്കുമെങ്കിലും, പരിശോധനയിൽ ഇവ നിരോധിത പ്ലാസ്റ്റിക് ആണെന്ന് കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് നിരോധനം മറികടക്കാൻ വ്യാജ മുദ്രണങ്ങളോടെ ഇത്തരം ബാഗുകൾ വിപണിയിൽ വ്യാപകമാകുന്നു എന്ന പരാതിയെത്തുടർന്ന് പരിശോധന കർശനമാക്കിയിരിക്കുകയാണ് അധികൃതർ.
നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അറിയിച്ചു. വരും ദിവസങ്ങളിൽ കടകളിലും ഗോഡൗണുകളിലും പരിശോധന തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
