Zygo-Ad

മാനന്തേരിയിൽ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

 


കൂത്തുപറമ്പ്: മാനന്തേരിയിൽ കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കണ്ണവം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന കണ്ണവം ഇടുമ്പ സ്വദേശിയും നിലവിൽ മാഹിയിൽ വാടകയ്ക്ക് താമസക്കാരനുമായ ഒ. നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒമ്പതാം തീയതി മാനന്തേരി പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം നടന്നത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മാനന്തേരി ഞാലിൽ സ്വദേശി താമരപ്പാട്ടിൽ വീട്ടിൽ നാസറിനെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനായി പോലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ചിറ്റാരിപ്പറമ്പ് ഭാഗത്തുനിന്ന് പ്രതിയെയും വാഹനത്തെയും പിടികൂടിയത്.

പിടിയിലായ നിഖിലിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാറെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാസർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.ഐ പ്രകാശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാകേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അഷ്റഫ്, സത്യൻ, വിശ്വംഭരൻ, സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.




വളരെ പുതിയ വളരെ പഴയ