മട്ടന്നൂർ: കേരള സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ കലാപ്രതിഭകൾക്ക് നാടിന്റെ ആദരം. ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നാലാമത്തെ വിദ്യാലയം എന്ന അഭിമാനനേട്ടവുമായാണ് മട്ടന്നൂരിലെ വിദ്യാർത്ഥികൾ കലോത്സവ വേദിയിൽ നിന്ന് മടങ്ങിയെത്തിയത്.
വിജയികളായ വിദ്യാർത്ഥികളെ മട്ടന്നൂർ നഗരത്തിലൂടെ വിജയഘോഷയാത്രയായാണ് സ്കൂളിലേക്ക് ആനയിച്ചത്. വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സദസ്സിൽ വച്ച് പ്രതിഭകളെ ആദരിച്ചു.
നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എൻ. മുഹമ്മദ്, സ്കൂൾ മാനേജർ കൃഷ്ണകുമാർ കണ്ണോത്ത്, മട്ടന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ഇ.വി. വിനോദ് കുമാർ, പ്രിൻസിപ്പൽ എം.പി. പ്രീതി, പ്രധാനാധ്യാപകൻ കെ. ശ്രീജിത്ത് കുമാർ, മദർ പിടിഎ പ്രസിഡന്റ് ചന്ദ്രലേഖ യശോധരൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. വരും വർഷങ്ങളിലും കലാരംഗത്ത് സ്കൂളിന്റെ പാരമ്പര്യം നിലനിർത്താൻ ഇത്തരം നേട്ടങ്ങൾ കരുത്തുപകരുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
