Zygo-Ad

ഇരിട്ടിയിൽ അരിക്കടുക്കയിൽ സ്റ്റാപ്ലർ പിൻ; പരാതിപ്പെട്ടപ്പോൾ ഹോട്ടലുടമയുടെ പരിഹാസം


ഇരിട്ടി : ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് സ്റ്റാപ്ലർ പിൻ ലഭിച്ചെന്ന പരാതിയുമായി ആശുപത്രി ജീവനക്കാരി. ഇരിട്ടി താഴെ പഴയ ബസ് സ്റ്റാൻഡിലെ പ്രമുഖ ഹോട്ടലിൽ നിന്ന് വാങ്ങിയ അരിക്കടുക്കയിലാണ് പിൻ കണ്ടെത്തിയത്.

 ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കായി ഫോൺ വഴി ഓർഡർ ചെയ്ത എട്ട് അരിക്കടുക്കകളിൽ ഒന്നിലാണ് സ്റ്റാപ്ലർ പിൻ തറഞ്ഞിരുന്ന നിലയിൽ കണ്ടത്.

​കഴിക്കാനായി മുറിച്ചു മാറ്റിയപ്പോഴാണ് പിൻ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. അശ്രദ്ധമായി ഇത് കഴിച്ചിരുന്നുവെങ്കിൽ തൊണ്ടയിൽ കുടുങ്ങി വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഇവർ പറയുന്നു. 

എന്നാൽ, ഈ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ഹോട്ടലിൽ വിളിച്ചു പരാതിപ്പെട്ടപ്പോൾ അധികൃതർ പരിഹാസ രൂപേണയാണ് പ്രതികരിച്ചത്. "ഒരു പിൻ മാത്രമല്ലേ കിട്ടിയുള്ളൂ" എന്നായിരുന്നു ഹോട്ടൽ നടത്തിപ്പുകാരുടെ മറുപടി.

​സ്ഥിരമായി ഇവിടെ നിന്നും ലഘുഭക്ഷണം വരുത്താറുള്ള തങ്ങൾക്ക് ലഭിച്ച ഈ ദുരനുഭവം ആശുപത്രി ജീവനക്കാരെ ഒന്നടങ്കം പ്രകോപിപ്പിച്ചിട്ടുണ്ട്. 

സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് ജീവനക്കാർ. നഗര മധ്യത്തിലെ ഹോട്ടലുകളിൽ പോലുമുള്ള ശുചിത്വമില്ലായ്മയും ഭക്ഷണമുണ്ടാക്കുമ്പോഴുള്ള അശ്രദ്ധയും ഉപഭോക്താക്കളുടെ ജീവന് ഭീഷണിയാകുകയാണ്.

വളരെ പുതിയ വളരെ പഴയ