കാടാച്ചിറ: കണ്ണൂർ- കൂത്തുപറമ്പ് സംസ്ഥാന പാതയിലെ പാനോന്നേരി വളവില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടർ യാത്രികരായ രണ്ടു പേരെ മറ്റൊരു ബൈക്ക് ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയതാണ് ഒടുവിലത്തെ സംഭവം.
തലനാരിഴയ്ക്കാണ് സ്കൂട്ടർ യാത്രക്കാരൻ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആഴ്ചയില്‍ ചുരുങ്ങിയത് ഒരപകടമെങ്കിലും ഇവിടെ നടക്കാറുണ്ട്.
കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ ഈ സ്ഥലത്ത് നിരവധി വാഹനാപകടങ്ങള്‍ നടന്നു. ജീവഹാനികളും ഉണ്ടായിട്ടുണ്ട്. അമിത വേഗതയും റോഡിൻ്റെ വീതി കുറവുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാന പാതയില്‍ കെ.ഒ.റോഡും എം.ടി. റോഡും വന്നു ചേരുന്ന ജങ്ഷൻ കൂടിയാണിത്. വളവിനോടൊപ്പം തന്നെ റോഡിന് വീതി കുറവായതും മറ്റ് റോഡുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കാഴ്ച മറയ്ക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
2010-ല്‍ നടന്ന റോഡ് വികസനത്തിന്റെ ഭാഗമായി പാനോന്നേരി വളവ് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഈ ആവശ്യം നടപ്പിലാക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയ്യാറായില്ല.
നിലവില്‍ അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ വളവില്‍ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലോ കാല്‍നട യാത്രികരിലോ ഇടിക്കുന്നത് പതിവാണ്. രാത്രി കാലങ്ങളില്‍ വെളിച്ചക്കുറവും അപകടങ്ങള്‍ക്ക് സാദ്ധ്യത കൂട്ടുന്നുണ്ട്.
അപകടങ്ങള്‍ നിത്യ സംഭവമാകുന്ന പാനോന്നേരിയില്‍ വേഗത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ആവശ്യമായ ഹമ്പുകളോ മറ്റ് സംവിധാനങ്ങളോ ഏർപ്പെടുത്തണം.
സ്ഥിരം അപകട മേഖലയായതിനാല്‍ ഇവിടെ എ.ഐ ക്യാമറകളോ സി.സി.ടി.വി സംവിധാനങ്ങളോ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. കവലയില്‍ റോഡിന് വീതി കൂട്ടി
മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ കുറയ്ക്കാൻ കഴിയുമെന്ന് യാത്രക്കാർ പറഞ്ഞു.
