Zygo-Ad

മാലിന്യ സംസ്കരണത്തിൽ വീഴ്ച: കീഴല്ലൂരിൽ ഹോട്ടലിനും വ്യാപാര സ്ഥാപനത്തിനും പിഴ


 കീഴല്ലൂർ: മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച വായന്തോട്ടെ ഹോട്ടലിനും വ്യാപാര സ്ഥാപനത്തിനുമെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ കർശന നടപടി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് വായന്തോട്ടെ 'സെനോറ സ്യൂട്ട്സ്' എന്ന ഹോട്ടലിന് 15,000 രൂപ പിഴ ചുമത്തി.

ഹോട്ടലിൽ നിന്നുള്ള ജൈവ-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിക്കാതെ തൊട്ടടുത്ത പറമ്പിൽ കൂട്ടിയിട്ട നിലയിലായിരുന്നു. കൂടാതെ, ജീവനക്കാരുടെ താമസസ്ഥലത്തിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ സജ്ജമാക്കിയ കമ്പോസ്റ്റ് കുഴിയിൽ വൻതോതിൽ പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിച്ചതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

മാലിന്യം കത്തിക്കാൻ അനധികൃതമായി നിർമ്മിച്ച സംവിധാനങ്ങൾ അടിയന്തരമായി പൊളിച്ചുമാറ്റാനും, നിലവിലുള്ള മാലിന്യങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യാനും ഉടമയ്ക്ക് സ്ക്വാഡ് കർശന നിർദ്ദേശം നൽകി.

കൂടാതെ, വായന്തോട്ടിലെ തന്നെ 'ആർ.എം.എസ് ഫ്രൂട്ട്സ്' എന്ന സ്ഥാപനത്തിന് മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാത്തതിന് 2,500 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ജില്ലാ എൻഫോഴ്സ്സ്മെന്റ് ടീമിലെ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദിജിൽ എ.എൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.


 

വളരെ പുതിയ വളരെ പഴയ