Zygo-Ad

റോഡിൽ ഓയിൽ മറിഞ്ഞു; കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട ബൈക്കുകൾ മറിഞ്ഞ് എട്ടോളം പേർക്ക് പരിക്ക്

 ​


കൂത്തുപറമ്പ്: കൂത്തുപറമ്പ്-ചെറുവാഞ്ചേരി റോഡിൽ മൂരിയാട് ഭാഗത്ത് റോഡിൽ ഓയിൽ മറിഞ്ഞ് നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച രാവിലെ 8:45-ഓടെയായിരുന്നു സംഭവം 

 മൂരിയാട് അയോധ്യ നഗർ, മൂരിയാട് പാറ, അടിയാറപ്പാറ എന്നിവിടങ്ങളിലാണ് റോഡിൽ ഡീസൽ മറിഞ്ഞത്. ഓയിൽ പടർന്നതിനെത്തുടർന്ന് റോഡിൽ വഴുക്കൽ അനുഭവപ്പെടുകയും നിയന്ത്രണം വിട്ട എട്ടോളം ബൈക്കുകൾ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഓഫീസുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോവുകയായിരുന്നവരും ഉൾപ്പെടുന്നു.

​വിവരമറിഞ്ഞ് കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ കെ. സജിത്തിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണലും എം-സാൻഡും ഉപയോഗിച്ച് റോഡ് വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സമീപത്തെ കമ്പനികളിലേക്ക് അമിതഭാരവുമായി പോകുന്ന വാഹനങ്ങളിൽ നിന്നും ഓയിൽ മറിഞ്ഞതാകാം അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മുൻപും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


വളരെ പുതിയ വളരെ പഴയ