അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ആക്ടിവിസ്റ്റ് ധന്യ രാമന്‍.
നിതിന്‍ രാജിനെ വകുപ്പ് മേധാവി മാനസികമായി തകര്‍ത്തെന്ന് ധന്യ രാമന്‍ പറഞ്ഞു. പഠിച്ച് മുന്നേറാന്‍ നോക്കിയാല്‍ പഠിക്കാന്‍ വിടുന്നില്ലെന്നും ജോലി കിട്ടിയാല്‍ സംരക്ഷിക്കേണ്ട അവസ്ഥയിലാണെന്നും ധന്യ രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'രാഷ്ട്രീയക്കാര്‍ക്ക് മാര്‍ച്ച് സംഘടിപ്പിക്കേണ്ട. യാതൊരുവിധ ചലനങ്ങളും ഇല്ലാതെ ഇനിയും മക്കളുടെ ശവം കൈ നീട്ടി വാങ്ങാന്‍ മാതാപിതാക്കള്‍ തയ്യാറാകേണ്ടിവരും. എച്ച്‌ഒഡിക്ക് അറിയാം പണ്ട് രോഹിത് വെമുല എങ്ങനെ കൊലചെയ്യപ്പെട്ടു എന്ന്. ജാതി അധിക്ഷേപത്തിന് ശിക്ഷിച്ച ചരിത്രം കേരളത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.
എവിടെയും വലിയ ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ല, ആര്‍ക്കും ചോദിക്കേണ്ട.. ജാതി കൊലകള്‍ക്ക് വളമാണ് ഇവിടം. എന്തെങ്കിലും പറഞ്ഞാല്‍ പ്രതികരിച്ചാല്‍ ഞങ്ങള്‍ ജാതി പറയുന്നവരായി', ധന്യ രാമന്‍ പറഞ്ഞു.
192 ആദിവാസി കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെട്ട കേരളത്തില്‍ ജാതിയില്ലെന്ന് പറഞ്ഞ് തങ്ങളെ അധിക്ഷേപിക്കുന്നവരെ ഇനി ബോധവല്‍ക്കരിക്കാന്‍ തങ്ങളുടെ കയ്യില്‍ ഇങ്ങനെയുള്ള ശവശരീരങ്ങള്‍ അല്ലാതെ മറ്റൊന്നുമില്ലെന്ന് ധന്യ രാമന്‍ കൂട്ടിച്ചേര്‍ത്തു.
കാരണം ജാതി ഒരു മതില്‍ അല്ല മനസ്സിനെ ബാധിച്ചിരിക്കുന്ന ജനിതക തടവറയാണ്. ഞങ്ങള്‍ അല്ല അതില്‍ നിന്നും പുറത്തു വരേണ്ടത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ എച്ച് ഓ ഡിമാരെ പോലെയുള്ളവരാണെന്നും ധന്യ രാമന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.
സംഭവത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്‌ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്‌സിന്റെ ഭാഗത്തുനിന്നും റാഗിങ്ങ് ഉണ്ടായെന്നും ആരോപണമുണ്ട്.
തുടര്‍ന്ന് ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
അന്വേഷണ വിധേയമായാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കോളജിന്റെ ഭാഗമായി ആഭ്യന്തര അന്വേഷണത്തിനായി സമിതി രൂപീകരിച്ചിരുന്നു.
