Zygo-Ad

വ്യാജ നമ്പർ പ്ലേറ്റുമായി എത്തിയ തീർത്ഥാടക വാഹനം ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി


 ഇരിട്ടി: കർണ്ണാടകത്തിൽ നിന്നും തീർത്ഥാടകരുമായി കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാൻ ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഇരിട്ടി പയഞ്ചേരി മുക്കിൽ നടത്തിയ ശക്തമായ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക സ്വദേശികളുടെ അർബാനിയ വാൻ പിടിയിലായത്.

ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് വാനിൽ ഉപയോഗിച്ചിരുന്ന നമ്പർ പ്ലേറ്റ് മറ്റൊരു ഇന്നോവ കാറിന്റെതാണെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് തുടർനടപടികൾക്കായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാനിലുണ്ടായിരുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ മറ്റൊരു വാഹനത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ മോട്ടോർ വാഹന വകുപ്പ് സൗകര്യമൊരുക്കി നൽകി. എംവിഐ എം. മനോജ് കുമാർ, എ എംവിഐമാരായ വി.ആർ. ഷനിൽ കുമാർ, പി. ജിതിൻ, കെ.വി. അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഷോറൂമിൽ നിന്ന് ഔദ്യോഗികമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് വാഹനം പുറത്തിറക്കിയതെന്നും തുടർന്ന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് സർവീസ് നടത്തുകയുമായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. കേരള അതിർത്തി കടന്നെത്തിയ വാഹനത്തിന്റെ നികുതി വിവരങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഈ വൻ ക്രമക്കേട് വെളിച്ചത്തായത്.

വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾ നിയമപരമായി അതീവ ഗുരുതരമായ കുറ്റകൃത്യത്തിന്റെ പരിധിയിലാണ് വരുന്നത് എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരം വാഹനങ്ങൾ പരിശോധന വെട്ടിച്ച് കടന്നുകളഞ്ഞാൽ പിന്നീട് കണ്ടെത്തുക പ്രയാസകരമാണ്. കൂടാതെ ഇവ അപകടങ്ങളിൽ പെട്ടാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള യാതൊരുവിധ ആനുകൂല്യങ്ങളും യാത്രക്കാർക്ക് ലഭിക്കില്ലെന്നും വലിയ നിയമപരമായ സങ്കീർണതകൾക്ക് ഇത് കാരണമാകുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. 

വളരെ പുതിയ വളരെ പഴയ