Zygo-Ad

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വനിതാ ഡോക്ടറിൽ നിന്നും 67 ലക്ഷം തട്ടിയ കേസിൽ കൂത്തുപറമ്പ് സ്വദേശികൾ പിടിയിൽ


 കൂത്തുപറമ്പ് : ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറെ കബളിപ്പിച്ച് 67 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശികളായ അബ്ദുൽ റഹ്മാൻ (35), അർഷാദ് (38) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി മൂന്നു മാസത്തിനുള്ളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

സമൂഹമാധ്യമങ്ങളിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ എഐ (AI) വീഡിയോ ഉപയോഗിച്ച് വ്യാജ പരസ്യം നൽകിയാണ് ഇവർ തട്ടിപ്പിന് തുടക്കമിട്ടത്. ഫേസ്ബുക്കിലെ പരസ്യം കണ്ട് ലിങ്കിൽ പ്രവേശിച്ച ഡോക്ടർ 'ക്ലയന്റ് 9 പ്രോ' (Client 9 Pro) എന്ന വെബ്സൈറ്റിൽ എത്തുകയും, തട്ടിപ്പുകാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഡിജിറ്റ് കോം ഐടി സൊല്യൂഷൻസ്' എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടത്.

ഈ വർഷം ജനുവരി മുതൽ വിവിധ തവണകളായി ഡോക്ടറിൽ നിന്നും 67 ലക്ഷം രൂപയോളമാണ് ഇവർ കൈക്കലാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെ ഡോക്ടർ മാർച്ച് മാസത്തിൽ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ പിടിയിലായവർ തട്ടിപ്പിനായി ഉപയോഗിച്ച കമ്പനിയുടെ ഉടമകളാണെന്ന് പൊലീസ് അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ