മട്ടന്നൂർ: കീഴല്ലൂർ പഞ്ചായത്ത് പരിധിയിൽ വീണ്ടും മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. വെള്ളിയാമപറമ്പിലെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് പിറകുവശത്തുള്ള സ്വകാര്യ ഭൂമിയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം നിക്ഷേപിച്ചത്.
വിവരമറിഞ്ഞ് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. പ്രഭാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. ദിജിൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് ഇതെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് തുടർനടപടികൾക്കായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് വിവരം കൈമാറി.
തുടർന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ പി.എസ്. പ്രവീൺ, കെ.ആർ. അജയകുമാർ, ഷാലിനി, ഷൗക്കത്ത് എന്നിവരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തി. മാലിന്യം എത്തിച്ച വാഹനത്തെയും മാലിന്യത്തിന്റെ ഉടമകളെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസവും കീഴല്ലൂർ പുഴയിൽ കണ്ണൂരിലെ തട്ടുകടയിലെ മാലിന്യങ്ങൾ കൊണ്ടുതള്ളിയവർക്കെതിരെ പിഴ ഈടാക്കുകയും മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
