പരിസ്ഥിതി ലോല മേഖല (ഇഎസ്എ) വിജ്ഞാപനത്തിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആറളം, ചെറുവാഞ്ചേരി, കൊട്ടിയൂർ വില്ലേജുകളിൽ സിപിഐ എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായി. വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരുന്നു ഹർത്താൽ. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു; സ്ഥാപനങ്ങളും തുറന്നില്ല.
കേന്ദ്രസർക്കാരിന് കീഴിലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിൽനിന്ന് ജില്ലയിലെ മൂന്ന് വില്ലേജുകളെ പൂർണമായി ഒഴിവാക്കുക, സംസ്ഥാന സർക്കാർ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം.
ആറളം പഞ്ചായത്ത് പരിധിയിലെ ആറളം, എടൂർ, കീഴ്പ്പള്ളി, വെള്ളിമാനം തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. ചെറുവാഞ്ചേരി വില്ലേജിലും ഹർത്താൽ പൂർണമായിരുന്നു. പ്രകടനത്തിന് കർഷക സംരക്ഷണ സമിതി ചെയർമാൻ മുഹമ്മദ് ഫായിസ് അരൂൾ, കൺവീനർ എ അശോകൻ, സിപിഐ എം ചെറുവാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ സുരാജ്, എം സി രാഘവൻ, മമ്മാലി ദിവാകരൻ, കെ ശ്രീജ, സി രജനി, പി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കൊട്ടിയൂരിൽ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സ്കൂളുകൾ എന്നിവ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടപ്പിച്ചു. പതിവുപോലെ പ്രവർത്തനം ആരംഭിച്ച സ്ഥാപനങ്ങളിലേക്ക് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
