Zygo-Ad

കൂത്തുപറമ്പ് നഗരസഭാ ഓപ്പൺ ഇൻഡോർ സ്റ്റേഡിയം കാട് മൂടി നശിക്കുന്നു

കൂത്തുപറമ്പ: കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിനുള്ളിലെ ഓപ്പൺ ഇൻഡോർ സ്റ്റേഡിയം കാട് മൂടി നശിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സ്റ്റേഡിയമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ദേശീയ ഗെയിംസിന്റ ഭാഗമായി 8 വർഷം മുൻപ് കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ നിർമിച്ച ഓപ്പൺ ഇൻഡോർ സ്റ്റേഡിയമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്.

സ്റ്റേഡിയത്തിന് ചുറ്റും കാട്ടുവള്ളികൾ പടർന്ന നിലയിലാണുള്ളത്. സ്ഥലം എം എൽ എ കെ.പി.മോഹനൻ കൃഷി മന്ത്രിയായിരുന്ന കാലത്താണ് നഗരസഭയിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നത്. ഷട്ടിൽ, വോളിബോൾ ഉൾപ്പെടെ കളിക്കുന്നതിനു പര്യാപ്തമായ നിലയിലാണ് ഓപ്പൺ ഇൻഡോർ സ്റ്റേഡിയം നിർമിച്ചത്.

പ്രവൃത്തി പൂർത്തിയായി വർഷങൾ കഴിഞ്ഞെങ്കിലും ഇതിന്റെ ഉദ്ഘാടനം പോലും ഇതുവരെയും നടന്നിട്ടില്ല. രാത്രിയിൽ കളിക്കുന്നതിന് വേണ്ടി വിളക്കുകാലുകളും മറ്റും സ്ഥാപിച്ചിരുന്നു. എന്നാൽ പലതും തകർന്ന നിലയിലാണുള്ളത്. സ്റ്റേഡിയത്തിന്റെ സംരക്ഷണത്തിന് വേണ്ടി ചുറ്റും തൂണുകളിൽ കമ്പിവേലി സ്ഥാപിച്ചിരുന്നു.

എന്നാൽ കാട്ടുവള്ളികൾ പടർന്നു കയറി വേലി മുഴുവൻ നിറഞ്ഞു നിൽക്കുക യാണ് . ചുറ്റുപാടും കാട് വളർന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും കൂടിയിരിക്കയാണ്. അടുത്ത കാലത്തായി സ്റ്റേഡിയത്തിനകത്ത് റോളർ സ്കേറ്റിങ്ങും ഷട്ടിലും മറ്റും നടന്നു വരുന്നുണ്ട്. പരിശീലനത്തിനെത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭയപ്പാടോടെയാണ് പങ്കെടുക്കുന്നത്.

മിനി ഓപ്പൺ ഇൻഡോർ സ്റ്റേഡിയത്തിനോട് അധികൃതർ തുടർച്ചയായി കാണിക്കുന്ന അവഗണനയിൽ പരിശീല നത്തിന് എത്തുന്നവർക്കിടയിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഫ്ലഡ്ലിറ്റ് സ്റ്റേഡിയമാണ് അധികൃതരുടെ അനാസ്ഥയിൽ നശിച്ചു കൊണ്ടിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ