കൂത്തുപറമ്പ: മഴ ആരംഭിച്ചതോടെ കൂത്തുപറമ്പ് ബേബി തിയ്യറ്റർ – പഴയ നിരത്ത് റോഡിൽ
വാഹനയാത്ര ദുഷ്ക്കരമായി. പൊട്ടി പൊളിഞ്ഞ റോഡിൽ കുഴികളും, ചെളിയും നിറഞ്ഞതാണ് കാൽനട യാത്ര പോലും ദുഷ്ക്കരമായിട്ടുള്ളത്. മൂന്നു വർഷത്തോളമായി
പരിതാപകരമായ അവസ്ഥയിലാണ് കൂത്തുപറമ്പ് ടൗണിലെ ബേബി തിയ്യറ്റർ പരിസരത്ത് നി ന്നും പഴയ നിരത്ത് ഭാഗത്തേക്കുള്ള റോഡ്.
വർഷങ്ങളായി ടാറിങ്ങ് ചെയ്യാത്ത റോഡ് പൊട്ടി പൊളിഞ് കുഴികളും ചെളിയും നിറഞ്ഞിരിക്കുകയാണ്. മഴ ആരംഭിച്ചതോടെ റോഡിൽ വെള്ളം കെട്ടി നിന്ന് വാഹന യാത്രയും, കാൽനടയാത്രയും ദുഷ്ക്കരമായിരിക്കയാണ്. കാലാകാലങ്ങളായി ഈ അവസ്ഥ തുടർന്നു വരികയാണെന്ന് വ്യാപാരി പറഞ്ഞു.
കാൽനട യാത്രക്കാർക്ക് വഴിനടക്കാൻ പോലും സാധിക്കാത്ത നിലയിലാണ് റോഡിന്റെ അവസ്ഥ. അതോടൊപ്പം കനത്ത മഴയിൽ കടകളിലേക്ക് വരെ വെള്ളം കയറുകയും ചെയ്യുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും, ലാബും, പ്രിന്റിംഗ് പ്രസ്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന റോഡാണിത്.
അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ഇതുവഴി കടന്നു പോകുന്നത്. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് മറ്റു വഴികളിലൂടെ ആണ് യാത്രക്കാർ സഞ്ചരിക്കുന്നത്. അത് കച്ചവട സ്ഥാപനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
നഗരസഭാ അധികൃതർക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും താൽക്കാലിക അറ്റകുറ്റപണി ചെയ്തുമാത്രം സമാശ്വാസം നൽകുകയാണ് അധികൃതർ.റോഡിന്റെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.