തിരുവനന്തപുരം: പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നിൽ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജയമോഹനൻ എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. തീപിടിത്തമുണ്ടായ സമയത്ത് ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. മുകളിലത്തെ നിലയിലെ മുറിക്കകത്ത് പുക കണ്ട് അയൽ വീട്ടുകാരാണ് വിവരമറിയിച്ചത്. ചെങ്കൽച്ചൂളയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. മുറിക്കകത്ത് എ സി ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വൈദ്യുതത്തകരാര്‍ കണ്ടെത്താനായില്ല. ചാര്‍ജ് ചെയ്യാനായി കട്ടിലിലെ മെത്തയില്‍ വെച്ചിരുന്ന മൊബൈല്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.