ഇരിട്ടി: കുണ്ടും കുഴിയും ചെളിയും നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായതിനെത്തുടർന്ന് അറ്റകുറ്റപ്പണിനടക്കുന്നതിനാൽ പഴശ്ശി അണക്കെട്ടിന് മുകളിലൂടെയുള്ള വാഹന ഗതാഗതം ചൊവ്വാഴ്ച്ച മുതൽ രണ്ടാഴ്ച്ചത്തേക്ക് നിരോധിച്ചു. അണക്കെട്ടിന്റെ ഉപരിതലം പൂർണ്ണമായും തകർന്ന് കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടനിലയിലായിരുന്നു . ഇതിനെത്തുടർന്നാണ് അറ്റകുറ്റപ്പണി വേണ്ടിവന്നത്.
പാലത്തിലൂടെ വലിയ വാഹനങ്ങൾക്കുള്ള ഗതാഗത നിരോധം വർഷങ്ങൾക്ക് മുൻമ്പ് നിലവിൽ വന്നതായിരുന്നു. പദ്ധതിയുടെ ഷട്ടറിന്റെ അറ്റകുറ്റപണികൾക്കായി പാലത്തിന്റെത്തിന്റെ ഇരുഭാഗത്തും റെയിൽ സ്ഥാപിക്കുകയും അടിയന്തിര ഘട്ടങ്ങളിൽ മറ്റൊരു ഷട്ടർ സ്ഥാപിച്ച് അറ്റകുററപണികൾ നടത്തുന്നതിന് പാലത്തിന് മുകളിൽ കൂറ്റൻ ക്രെയിനും സ്ഥാപിച്ചതോടെയാണ് വലിയ വാഹനങ്ങൾക്ക് നിരോധം ഉണ്ടായത്. രണ്ട് ചെറിയ വഹനങ്ങൾക്ക് ഒരോ സമയം ഇരുഭാഗത്തേക്കും കടന്നുപോകാനുള്ള വീതി മാത്രമെ ഇപ്പോൾ ഉള്ളു.
പഴശ്ശി പാർക്കിൽ എത്തുവന്നവർക്ക് അണക്കെട്ടിന് മുകളിലൂടെ കാൽ നട യാത്രയ്ക്ക് പോലും പറ്റാത വിധം പാലം നിറയെ കുഴികളും ചെളിയും വെള്ളക്കെട്ടുമാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങൾ ചെളിയും മറ്റും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതും വെള്ളക്കെട്ടിനിടയാക്കുന്നു. ഈ ചെളിയും വെള്ളവും ചവിട്ടിയാണ് ദിനം പ്രതി നൂറുകണക്കിന് യാത്രക്കാർ ഇതുവഴി സഞ്ചരിക്കേണ്ടി വരുന്നത്.
245 മീറ്റർ നീളമാണ് പാലത്തിന് ഉള്ളത്. ഇതിന്റെ ഉപരിതലം കോൺക്രീറ്റ് ചെയ്യുന്നതിനും രണ്ട് റെയിലുകൾക്കിടയിൽ നിറഞ്ഞ ചെളിയും വെള്ളവും നീക്കും ചെയ്യുന്നത് ഉൾപ്പെടെയുള്ള നവീകരണമാണ് രണ്ടാഴ്ച്ചക്കുള്ളിൽ പൂർത്തിയാവുക. പാലത്തിന്റെ കുയിലൂർ ഭഗത്തെ കുന്നിൽ നിന്നും പാലത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പാലത്തിൽ പ്രവേശിക്കാത വിധം ഓവുചാലുകളിലേക്ക് കടത്തി വിടുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം പൂർത്തിയാക്കും.
പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നത് ഇരിക്കൂർ, പടിയൂർ കുയിലൂർ ഭാഗങ്ങളിലുള്ളവർക്ക് ഏറെ പ്രയാസം ഉണ്ടാക്കും. ഇവർക്ക് മട്ടന്നൂർ ഭാഗവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഇരിക്കൂർ വഴിയോ ഇരിട്ടി വഴിയോ പോകേണ്ടി വരും. പഴശ്ശി പദ്ധതിയുടെ കാലപഴക്കവും മറ്റും പരിഗണിച്ച് ്അണക്കെട്ടിനു മുകളിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ച് ബസ് അടക്കമുള്ള വലിയ വാഹനങ്ങളടക്കം കടന്നു പോകുന്ന രീതിയിൽ മറ്റൊരു സംവിധാനം ഉണ്ടാക്കണമെന്നാവശ്യവും വളരെക്കാലമായി ശക്തമാണ്.