ഇരിട്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് നിയന്ത്രിക്കുന്നതിനുമായി ഇരിട്ടിയിൽ സമഗ്ര ഗതാഗത പരിഷ്‌ക്കാരം നിലവിൽ നിന്നു. നഗരസഭ, മോട്ടോർവാഹന വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്വകര്യ വാഹനങ്ങൾക്കും ഓട്ടോ, ടാക്‌സികൾക്കും, ഇരുചക്രവാഹനങ്ങൾക്കും പാർക്കിംങ്ങ് കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്.
സ്വകാര്യ വാഹനങ്ങൾക്ക് നിശ്ചയിച്ച സ്ഥലങ്ങളിൽ പരമാവധി അരമണിക്കൂർ മാത്രമാണ് പാർക്കിംങ്ങിന് അനുവദിച്ചിരിക്കുന്നത്. നഗരത്തിലെ പാർക്കിംങ്ങ് നിരോധിത മേഖലകളും നിശ്ചയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയും ഉണ്ടാവും.
ഇരിട്ടി പുതിയ പാലം ഗതാഗതത്തിന് തുറന്നതോടെ പഴയപാലം കവലയും സമീപ പ്രദേശങ്ങളും കൈയ്യടക്കിയ വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാലത്തിന് വലതു വശം ഹാൻടെക്‌സ് മുതൽ സൂര്യ ഹോട്ടൽ റോഡ് വരെ വഴിയോര കച്ചവടം പൂർണ്ണമായും നിരോധിച്ചു. ഇവിടെ സ്വകാര്യ കാർപാർക്കിംങ്ങിന് അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്.
ഇരിട്ടി പാലം മുതൽ ഇടത് വശം ഗ്ലാസ്മഹൽ മലനാട് റബ്ബർ വരെയുളളഭാഗം ഇരുചക്ര വാഹനങ്ങൾക്ക് അരമണിക്കൂർ പാർക്കിംങ്ങിന് ഉപയോഗിക്കാം. നേരംപോക്ക് ജംഗ്ഷൻ മുതൽ ഷംസീന കോംപ്ലക്‌സ് ,നാദം ജ്വല്ലറി ജംഗ്ഷൻ മുതൽ ഫാഷൻ ടൂറിസ്റ്റ് ഹോം, ഗ്രാൻറ് ബസാർ മുതൽ പോസ്റ്റ് ഓഫീസ് ബിൽഡിംഗ് ജംഗ്ഷൻ, മിൽ ബൂത്ത് മുതൽ കോഫിഹൗസ്, ന്യൂഇന്ത്യ തിയറ്റർ റോഡ് ജംഗ്ഷൻ, നേരബോക്ക് ജംഗ്ഷൻ മുതൽ ശ്രൂതി ജ്വല്ലറി വരെ, ബാലക്കണ്ടി മെഡിക്കൽ മുതൽ ശുഭഹാർഡ്വേഴ്‌സ് വരെ, പഴയ കനാറാ ബാങ്ക് ജംഗ്ഷൻ മുതൽ സ്‌കൈ ഗോൾഡ് വരെയുള്ള ഭാഗങ്ങളിൽ അരമണിക്കൂറാണ് ഇരുചക്ര വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.
ഷംസീന കോംപ്ലക്‌സ് കവല മുതൽ പഴയപാലം റോഡ് കവല, ഡോ. ടി.പി. മുഹമ്മദ് ക്ലിനിക്ക് മുതൽ നാദം ജ്വല്ലറി കവല, തൗഫീക്ക് ഹോട്ടൽ മുതൽ ഗ്രാൻറ് ബസാർവരെയും സൂര്യ ഹോട്ടൽ റോഡ് മുതൽ മിൽമ ബൂത്ത് വരെയും ശ്രുതി ജ്വല്ലറി മുതൽ കല്ല്യാൺ വരേയും പഴയ കനാറാ ബാങ്ക് ജംഗ്ഷൻ മുതൽ സ്‌കൈ ഗോൾഡ് വരെയും സ്വകാര്യ കാറുകൾക്കും അരമണിക്കൂർ പാർക്ക് ചെയ്യാം.