ഇരിട്ടി: കളരിപ്പയറ്റ് നേഷനൽ ഗെയിംസില്‍ ഉൾപ്പെടുത്തിയതോടെ മലയോര മേഖലക്ക് അഭിമാനമായി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയിലെ 4 കുട്ടികള്‍ നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുന്നു. 7, 8 തീയതികളില്‍ ഗോവയില്‍നടക്കുന്ന 37-ാമത് ദേശീയ ഗെയിംസില്‍ കളരിപ്പയറ്റില്‍ പഴശ്ശിരാജയിലെ അനശ്വര മുരളീധരന്‍ (മെയ്പയറ്റ്, വാള്‍പയറ്റ്), കീര്‍ത്തന കൃഷ്ണ (വാള്‍പയറ്റ്), വിസ്മയ വിജയന്‍ (ചവിട്ടിപൊങ്ങല്‍) എന്നിവര്‍ കേരളത്തിനു വേണ്ടിയും കെ.അനുശ്രീ (ഉറുമി വീശല്‍) കര്‍ണാടകത്തിനു വേണ്ടിയുമായ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ കളരിപ്പയറ്റ് അക്കാദമിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷമാണ് കളരിപ്പയറ്റ് നേഷണല്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയത്.
അനശ്വര മുരളീധരന്‍ 2015 നാഷണല്‍ മെയ്പയറ്റിലും ചവിട്ടി പൊങ്ങലിലും സില്‍വര്‍ മെഡല്‍, 2018 നാഷണല്‍ മെയ്പ്പയറ്റ് വെങ്കലം, 2020 നാഷണല്‍ മെയ്പ്പയറ്റ് സ്വര്‍ണ്ണം, കെട്ടുകാരിപ്പറ്റ് വെള്ളി, 2021, 2022 നാഷണല്‍ മെയ്പ്പയറ്റ്, 2022 നാഷണല്‍ വാളും പരിച എന്നിവയില്‍ സ്വര്‍ണവും, 2021 ഖേലോ ഇന്ത്യ ഗെയിംസില്‍ മെയ്പ്പയറ്റ്, വാള്‍പ്പയറ്റ്, കെട്ടുകാരിപ്പയറ്റ് എന്നീ ഇനങ്ങളി മെഡലും നേടിയിട്ടുണ്ട്.
കീര്‍ത്തന കൃഷ്ണ 2020 ലെ നാഷണല്‍ കെട്ടുകാരിപ്പയറ്റില്‍ വെള്ളിയും 2022ലെ നാഷണല്‍ ഗോള്‍ഡും നേടിയിരുന്നു. 2021 ഖേലോ ഇന്ത്യ ഗെയിംസില്‍ കെട്ടുകാരിപ്പയറ്റിലും വാള്‍പ്പയറ്റിലും മെഡലും നേടിയിട്ടുണ്ട്. വിസ്മയ വിജയന്‍ ചവിട്ടി പൊങ്ങലില്‍ 2022-23 നാഷണല്‍ സ്വര്‍ണ്ണം, 2021-22 ല്‍ വെങ്കലം, 2018 ലും 2016-17 ലും വെള്ളിയും നേടിയിട്ടുണ്ട്.
അനശ്വര മുരളീധരന്‍, കീര്‍ത്തന കൃഷ്ണ, വിസ്മയ വിജയന്‍ എന്നിവര്‍ 13 വര്‍ഷമായി പഴശ്ശിരാജ കളരി അക്കാദമിയിലെ വിദ്യാര്‍ഥികളാണ്. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ദേശീയ ഗെയിംസ് ടെക്നിക്കല്‍ കമ്മിറ്റി അംഗവുമായ ശ്രീജയന്‍ ഗുരുക്കള്‍ സൗജന്യമായിട്ടാണ് കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ ഉള്‍പ്പെടെയുള്ളവ കുട്ടികള്‍ക്ക് കളരി പരിശീലനം നല്‍കുന്നത്.
#tag:
Kuthuparamba