Zygo-Ad

അനൗൺസ്മെൻ്റ് രംഗത്ത് പത്തരമാറ്റോടെ മൂന്ന് പതിറ്റാണ്ട് :ശബ്ദ കലയിൽ പുതുമ നിറച്ച് പ്രശാന്ത് പാട്യം.

കൂത്തുപറമ്പ്: ക്ഷേത്രങ്ങളിലും, രാഷ്ട്രീയ പ്രചരണങ്ങളിലും, കായിക മാമാങ്കങ്ങളിലും എല്ലാം ഉറച്ച ശബ്ദത്തിൽ സ്പഷ്ടമായി ശ്രോതാക്കളിൽ ആവേശം നിറച്ച് കൊണ്ട് അനൗൺസ്മെൻ്റുകൾ കടന്നു പോകുമ്പോൾ പ്രശാന്ത് പാട്യമെന്ന അനൗൺസറുടെ പ്രോഫഷണൽ ടച്ച് നമുക്ക് മനസിലാക്കാൻ സാധിക്കും. മൂന്ന് പതിറ്റാണ്ടായി തൻ്റെ ശബ്ദം കൊണ്ട് മാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ.അനുകരണമില്ലാതെ സ്വതസിദ്ധമായ ശൈലിയിൽ പുതുമയും, പഴമയും നിറച്ച് ഗരിമയോടെ ശബ്ദം നൽകി വരുന്ന ശബ്ദകലയുടെ അതികായൻ ഇന്നും ലാളിത്യത്തോടെ തൻ്റെ ഉപജീവനമാർഗമായ അനൗൺസ്മെൻ്റിനെ നെഞ്ചോട് ചേർത്തു പിടിച്ചു നടക്കുകയാണ്.

പ്രൊഫഷണൽ അനൗൺസറായി വരാനുണ്ടായ സാഹചര്യത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ. വോളിയും, കളിക്കളങ്ങളുമായി ജീവിക്കുന്ന കാലം. പ്രാദേശിക ടീമുകളിലും, ജില്ലാ യൂത്ത് വോളിയിലും കളിച്ച് നടക്കുന്നതിനിടയിൽ പാട്യത്തെ ഫ്രൻൻ്റ്സ് ടാക്കീസിലെ സിനിമ പ്രചരണ വാഹനത്തിൽ കൗതുകത്തോടെ കയറിയിരുന്നു യാത്ര ചെയ്യും. സുരേഷ് പാറാട് എന്ന മാനേജരാണ് സിനിമ വിശേഷങ്ങൾ മൈക്കിലൂടെ പറയുന്നത്.ആളൊഴിഞ്ഞ പണ്ടത്തെ വലിയ വെളിച്ചം ഭാഗത്ത് എത്തുമ്പോൾ മൈക്ക് എനിക്കു തരും. ഞാൻ ആവേശത്തോടെ അനൗൺസ്മെൻ്റ് ചെയ്യും.പിന്നീട് വന്ന താൽപ്പര്യം ശ്രദ്ധയും, അക്ഷരസ്ഫുടതയും താനേ എന്നിൽ കടന്നു വന്നു. ഒരു ദിവസം അവിചാരിതമായി സുരേഷ് പാറാട് എത്തിയില്ല. അനൗൺസ്മെൻറ് വാഹനം റെഡിയായി നിൽക്കുന്നു. ആളെത്തിയില്ലെന്ന് ടാക്കീസ് ഉടമ കുമാരേട്ടനോട് ആരോ പറഞ്ഞു. എൻ്റെ ശബ്ദത്തിൻ്റെ മഹത്വം മനസിലാക്കിയോ എന്തോ ഇവനില്ലേ എന്നും പറഞ്ഞ് എന്നെ വാഹനത്തിൽ കയറ്റി പ്രചരണത്തിന് വിട്ടത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് പ്രശാന്ത് പാട്യം ഓർത്തു പറഞ്ഞു.പിന്നീട് പല വേദികളിൽ ശബ്ദം നൽകി വന്നു. ആദ്യമായി തൻ്റെ ശബ്ദം റിക്കാർഡ് ചെയ്ത് പ്രചരണം നടത്തിയത് പാനൂരിലെ ജാൻസി റെഡിമെയ്ഡ് എന്ന വസ്ത്ര സ്ഥാപനത്തിന് വേണ്ടിയായിരുന്നു. അക്കാലം നിരവധി പ്രമുഖരായി ശബ്ദ രാജാക്കൻമാർ വാഴുന്ന കാലമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.ഗുരുതുല്യനായ ഇന്നും മനസിൽ ആരാധിക്കുന്ന യതീന്ദ്രൻ മാസ്റ്റർ, കൊല്ലം ജോൺ, രാജീവൻ കതിരൂർ, രമേഷ് തിരുവങ്ങാട് തുടങ്ങിയ പ്രമുഖരുടെ നിരയിൽ നിന്നും ഞാനെന്ന പാട്യം സ്വദേശി വളർന്നു വന്നതിലെ കഠിന പ്രയത്നം ഏറെയുണ്ടായിരുന്നു. വിമർശനങ്ങളും, കൂരമ്പുകളും വളർച്ചയുടെ പാത സുഗമമാക്കുകയായിരുന്നു. ജീവിതത്തിൽ വഴിത്തിരിവായത് വടകര കെ എസ് എസ് റിക്കോർഡിംഗുമായി ബന്ധപ്പെട്ടപ്പോഴായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.സ്ഥാപന ഉടമ പി എം.രവീന്ദ്രനും, സൗണ്ട് എഞ്ചിനീയറായിരുന്ന രതീഷ് പള്ളൂരും നല്ല പിന്തുണ നൽകിയതോടെ അവിടുത്തെ സ്ഥിരം അനൗൺസറായി ഞാൻ മാറി.എന്നെ അവിടെ എത്തിച്ച ആ കാലത്തെ ഫീമൈൽ അനൗൺസർ കമലയെ ഒരിക്കലും മറക്കാൻ സാധിക്കില്ല.6 വർഷത്തോളം കെഎസ്എസിനു വേണ്ടി അനൗൺസ് ചെയ്തു.അക്കാലത്ത് ക്ഷേത്രങ്ങളിൽ സ്ഥാപന പരസ്യങ്ങൾ നല്ല രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത് ശബ്ദസംവിധാനങ്ങളിലൂടെയായിരുന്നു. അതിനാൽ നല്ല വർക്കും ലഭിച്ചിരുന്നു. നാട്ടിൽ സഖാവ് പാട്യം ദിനാചരണത്തിലും, പി ആർ കുറുപ്പിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും പോയതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മ വരികയാണ്.പിന്നിട്ട നാളുകളിൽ രക്തസാക്ഷി ദിനങ്ങളും, ബലിദാന ദിനങ്ങളും പറയാനായി ഇരിക്കുമ്പോൾ വല്ലാത്ത വേദന തോന്നിയതും മറക്കാൻ പറ്റില്ല. ഇന്നും രക്തസാക്ഷി ദിനങ്ങളും, ബലിദാന ദിനങ്ങളും ഒരേ പോലെ അലോസരപ്പെടുത്താറുണ്ട്.ബിജെപി നേതാവായിരുന്ന (ഇന്ന് ‘സിപിഎമ്മിൽ ) എ.അശോകനുമായുള്ള ആത്മബന്ധത്തിൽ നിണമണിഞ്ഞ കണ്ണൂർ, അമരഗംഗ എന്നീ ആൽബങ്ങളിൽ ടൈറ്റിൽ ശബ്ദം നൽകിയിരുന്നു. സവ്യസാചി രചിച്ച പുഷ്പനെ അറിയാമോ എന്ന വിപ്ലവഗാനത്തിനും ടൈറ്റിൽ നൽകി.രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളാണ് എന്നെ നയിക്കുന്നതെന്ന് പ്രശാന്ത് പാട്യം അടിവരയിടുന്നു. ക്ഷേത്രങ്ങളും, കാവുകളും, രാഷ്ട്രീയ ഇടങ്ങളും തൻ്റെ ശബ്ദത്താൽ പരസ്യങ്ങളും, പ്രചരണങ്ങളും വർഷങ്ങളായി മുഴങ്ങി കേൾക്കുമ്പോൾ എന്തു തോന്നുന്നു എന്ന ചോദ്യത്തിന്, ഞാൻ അഭിമാനിക്കുകയും അതിലേറെ വന്ന വഴികളികളിലെ കഠിനാദ്ധാനത്തെ ഓർക്കുകയും ചെയ്യുന്നുവെന്നും പ്രശാന്ത് പാട്യം പറയുന്നു.റേഡിയോയിൽ പരിപാടികൾക്കും, പരസ്യത്തിനും ശബ്ദം നൽകിയത് വലിയ അഭിമാനകരമായി തോന്നിയിരുന്നു.അതിനിടയിൽ ഒരു കാര്യം പറയാൻ വിട്ടെന്ന് പറഞ്ഞ് ഡൽഹി കേരള ഹൗസിൽ സുഹൃത്ത് കെ.എൻ.ജയരാജ് ഏർപ്പാടാക്കി തന്ന വേദിയിൽ ആങ്കറാകാൻ സാധിച്ചതും, ചെറുപ്പറമ്പിൽ കലാക്ഷേത്ര ഉദ്ഘാടനത്തിന് യേശുദാസിനൊപ്പം വേദി പങ്കിട്ടതും അവിസ്മരണീയമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.ബേബി അൽക്ക അജിത്തിൻ്റെ വേദികളിൽ ആങ്കറായും മറ്റ് ഗാനമേളകളിലും, മിമിക്രി ട്രൂപ്പുകളിലും അവതാരകനായും പ്രവർത്തിച്ചതും പിന്നീട് നാടകനടൻ യശ: ശരീരനായ അശോകൻ കതിരൂരുമായുള്ള ആത്മബന്ധം നാടകവുമായും അത് സിനിമ മേഖലയിലേക്കും വഴി മാറുകയും ചെയ്തു.സംവിധായകരായ സലീം അഹമ്മദ്, എം.മോഹനൻ എന്നിവരുമായി ഊഷ്മളമായ ബന്ധമാണ്. നിലവിൽ രണ്ട് സിനിമകളിൽ കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചു.

പാട്യത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റായ പരേതനായ കോമ്രേഡ് നാരായണൻ്റെ മകനാണ് പ്രശാന്ത് പാട്യം.അമ്മ ലീല. ഭാര്യ രജ്ഞിനി പ്രശാന്ത്.എഡിറ്റിംഗിനൊക്കെ സഹായിച്ച് കൂടെ ചേർന്നു നിൽക്കുന്ന വാമഭാഗത്തിൻ്റെ നല്ല പിന്തുണയും കൂട്ടിന് കരുത്ത് നൽകുന്നതായി ഓപ്പൺമലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രശാന്ത് പാട്യം പറഞ്ഞു. മക്കൾ:നയൻതാര (അഗ്രികൾച്ചറിംഗ് എഞ്ചിനിയറിംഗ്), സൂര്യകിരൺ (ബിബിഎ.അമൃത കൊല്ലം).

വളരെ പുതിയ വളരെ പഴയ