കേളകം: അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം ആയിരത്തോളം നേന്ത്രവാഴകൾ നശിപ്പിച്ചു. രാമച്ചിയിലെ ഒരുകൂട്ടം യുവ കർഷകർ ചേർന്ന് നടത്തിയ നേന്ത്രവാഴ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കുലച്ചു തുടങ്ങിയ നേന്ത്രവാഴകളാണ് നശിപ്പിച്ചതിലേറെയും.
കാട്ടാനക്കൂട്ടം എത്തി പ്രദേശത്തെ കൃഷി നശിപ്പിക്കുന്നത് പതിവാണ്. ഇന്നലെ മാത്രം 500 ഓളം വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പല ഘട്ടങ്ങളിലായി ആയിരത്തിലധികം വാഴകൾ കാട്ടാനക്കൂട്ടം ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞു.
പാട്ടകൃഷി ഭൂമിയിൽ അനൂപ് കൊല്ലിയിൽ, സുമോദ് കുന്നത്ത്, പ്രവീൺ ദാസ്, മുത്ത് എന്നീ നാലു യുവാക്കൾ ചേർന്നാണ് നേന്ത്രവാഴ കൃഷി ആരംഭിച്ചത്. സ്വകാര്യ വായ്പകൾ സംഘടിപ്പിച്ചായിരുന്നു കൃഷി ഇറക്കിയത്. എന്നാൽ പല ഘട്ടങ്ങളിലായി നേന്ത്രവാഴ കാട്ടാനക്കൂട്ടം പൂർണമായും നശിപ്പിച്ചതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് ചെറുപ്പക്കാർ. ആനകളെ പ്രതിരോധിക്കാൻ മതിയായ സംവിധാനങ്ങൾ ഇവിടെയില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
#tag:
Kuthuparamba