Zygo-Ad

മാലിന്യ സംസ്‌കരണം: വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി.

കൂത്തുപറമ്പ്:മാലിന്യ സംസ്‌കരണത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കണമെന്ന് വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പില്‍ നിര്‍മ്മിച്ച വിന്‍ഡ്രോ കമ്പോസ്റ്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്‌കരണത്തെ കുറിച്ച് പുതിയ പാഠ്യ പദ്ധതിയില്‍ ഒരു പാഠം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു വലിയ പ്രാധാന്യത്തോടെ പഠിപ്പിക്കും. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതല്‍ അവബോധമുണ്ടാകുകയും പരിസ്ഥിതി സ്‌നേഹം വളരുകയും ചെയ്യും. മാലിന്യ ഉല്‍പ്പാദനം കുറക്കാനുള്ള വഴികള്‍, പുനരുപയോഗം തുടങ്ങിയവ പഠിപ്പിക്കുമ്പോള്‍ പുതുതലമുറ മാലിന്യം സൃഷ്ടിക്കുന്നത് കുറയും. മാലിന്യ സംസ്‌കരണത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ശുചിത്വ ഫണ്ടില്‍ നിന്നും 96 ലക്ഷം രൂപ ചെലവഴിച്ചാണ് 600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ കെട്ടിടം നിര്‍മ്മിച്ചത്. കലക്ഷന്‍ റൂം, പ്രൊസസിങ്ങ് മുറി, ക്യൂറിങ്ങ് ഏരിയ, കമ്പോസ്റ്റ് പ്രൊസസിങ്ങ് ഏരിയ, ഓഫീസ്, ഡ്രസിങ്ങ് റൂം, ശുചിമുറി എന്നിവയാണ് ഇവിടെയുള്ളത്. നഗരസഭയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ മാതൃകാപരമായി സംസ്‌കരിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.

ചടങ്ങില്‍ നഗരസഭ ചെയര്‍പേഴേസണ്‍ വി സുജാത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ എഞ്ചിനീയര്‍ കെ വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ വി രാമകൃഷഅണന്‍ മാസ്റ്റര്‍, സ്ഥിരംസമിതി അധ്യക്ഷരായ ലിജി സജേഷ്, കെ വി രജീഷ്, കെ അജിത, കെ കെ ഷമീര്‍, എം വി ശ്രീജ, സെക്രട്ടറി കെ ആര്‍ അജി, കൗണ്‍സിലര്‍ എം എം അബ്ദുള്‍ റഹ്‌മാന്‍, പി പി രാജേഷ്, നീത മങ്ങോടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ