Zygo-Ad

കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് തൊഴിലുറപ്പ് തൊഴലാളിക്ക് പരിക്ക്.

ഇരിട്ടി: ആറളം ഫാമിൽ തൊഴിലുറപ്പ് ജോലിക്കിടയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക് . പുനരധിവാസ മേഖല ബ്ലോക്ക് ഏഴിലെ താമസക്കാരി ജാനകി ( 67 ) ക്കാണ് ഭയന്നോടുന്നതിനിടയിൽ വീണ് പരിക്കേറ്റത്. വീഴ്ച്ചയിൽ ഷോൾഡറിന് സാരമായി പരിക്കേറ്റ ജാനകിയെ ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സതേടി.

പരിക്കുപറ്റിയ ജാനകിയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിവിവരങ്ങൾ ശേഖരിച്ചെങ്കിലും ടി ആർ ഡി എം അധികൃതർ പിന്നീട് യാതൊരു സഹായവും നൽകിയില്ല എന്നാണ് കുടുംബാംഗങ്ങളുടെ പരാതി. ഒരുവർഷം മുൻപ് തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിൽ നിന്നും തലച്ചോറിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു ജാനകി.ഇതിൽ നിന്നും പൂർണ്ണ സുഖം ലഭിച്ചില്ലെങ്കിലും ജീവിക്കാനായി തൊഴിലുറപ്പ് ജോലിക്ക് പോയിത്തുടങ്ങിയതിനിടയിലാണ് വീണ്ടും ഇത്തരമൊരു അത്യാഹിതം ജാനകിയെത്തേടി എത്തിയത്. മൂന്ന് മാസം പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽത്തന്നെ ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോകും എന്ന പ്രയാസത്തിലാണ് കുടുംബം. വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന ഇത്തരം അത്യാഹിതങ്ങൾക്ക് ലഭിക്കാവുന്ന സഹായധനമെങ്കിലും എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ടു ലഭ്യമാക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

വളരെ പുതിയ വളരെ പഴയ