കൂത്തുപറമ്പ്:2023- 24 വാർഷിക പദ്ധതി നിർവഹണത്തിൽ 95.29 ശതമാനം ലക്ഷ്യം പൂർത്തീകരിച്ച് കൂത്തുപറമ്പ് നഗരസഭ സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനവും, ജില്ല യിൽ ഒന്നാമതുമെത്തി. ധനകാര്യ കമീഷൻ വിഹിതം, പൊതു വികസന ഫണ്ട്, പട്ടികജാതി ഉപപദ്ധതികൾ എന്നിവയിലൂടെ ലഭിച്ച ഫണ്ടാണ് 95 ശതമാനത്തിൽ കൂടുതൽ ചെലവഴിച്ചത്. പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നിർവഹിക്കുന്നതിലും ചെയർമാൻ വി സുജാത നേതൃത്വം നൽകിയ കൗൺസിലും സെക്രട്ടറി കെ ആർ അജി, അസി.എൻജിനിയർ കെ വിനോദൻ ഉൾപ്പെടെയുള്ള നിർവഹണ ഉദ്യോഗസ്ഥരും കൂട്ടായ്മയോടെ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടം.
ആമ്പിലാട് വയൽക്കുളം പുനരുദ്ധാരണം, മെൻസ്ട്രുവൽ കപ്പ് വിതരണം, ചെരുപ്പുനിർമാണ തൊഴിലാളികൾക്ക് പണിപ്പുര നിർമാണം, മുഴുവൻ വാർഡുകളിലും കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ, ഡയാലിസിസ് രോഗികൾക്കുള്ള മരുന്നും അനുബന്ധ സാമഗ്രികളും വാങ്ങി നൽകൽ, വിൻഡോ കമ്പോസ്റ്റ് നിർമാണം, ഷീലോഡ്ജ് നിർമാണം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് വാർഷിക പദ്ധതിയിൽ നടപ്പാക്കിയത്.