കോട്ടയം പഞ്ചായത്ത് ബാലസൗഹൃദമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഇ എം എസ് സ്മാരക ഓഡിറ്റോറിയത്തിൽ കെ പി മോഹനൻ എം എൽ എ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ അധ്യക്ഷനായി. കുട്ടികളുടെ വികസനരേഖ 'ബാല ഗാഥ' സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ പ്രകാശനം ചെയ്തു. ജില്ലയിൽ ആദ്യമായാണ് കുട്ടികൾക്കു വേണ്ടിയുള്ള സമഗ്രമായ വികസനരേഖ പ്രസിദ്ധീകരിക്കുന്നത്. പഞ്ചായത്തിൽ സജ്ജമാക്കിയ കുട്ടികളുടെ വായനാ മൂല ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു പി ശോഭ ഉദ്ഘാടനം ചെയ്തു. എം ധർമജ, ടി കെ ദീപ, എം പി ദിലീപ് കുമാർ, പി കെ അബൂബക്കർ, എൻ അശ്വദേവ്, എൻ സതീന്ദ്രൻ, എം ദാസൻ, എൻ ബാലൻ, പി ചന്ദ്രൻ, യു വി അഹമ്മദ് കുട്ടി, ജയപ്രകാശ് പന്തക്ക, അഷ്റഫ് ചെമ്പിലാലി, ഒ സി റിജി രാജ്, പി ജിഷ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ക്ഷേമം മുൻനിർത്തി കോട്ടയം പഞ്ചായത്ത് ബാലസൗഹൃദ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് സമഗ്രമായ വികസന രേഖ തയ്യാറാക്കി പ്രകാശനം ചെയ്തതും ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചതും സംസ്ഥാനത്ത് ആദ്യമായി വിദ്യാ രേഖ എന്ന പേരിൽ വില്ലേജ് എജുക്കേഷൻ രജിസ്റ്റർ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 35 പദ്ധതികളാണ് കുട്ടികൾക്ക് വേണ്ടി ഈ വർഷം നടപ്പാക്കുന്നത്. ബാലസൗഹൃദ പാർക്ക്, ശിശു സൗഹൃദ ടോയ്ലറ്റുകൾ, മുലയൂട്ടൽ കേന്ദ്രങ്ങൾ എന്നിവ വിവിധ സ്ഥാപനങ്ങളിൽ സ്ഥാപിച്ചു. കാർഷിക മേഖലയിൽ അടക്കം കുട്ടികളുടെ പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടിക്കൊരു കിടാവ്, കുഞ്ഞിക്കയ്യിൽ കുഞ്ഞിക്കോഴി, ഗ്രീൻ പോലീസ് കേഡറ്റ് ഹരിത ഉദ്യാനങ്ങൾ തുടങ്ങി കുട്ടികളുടെ അവകാശ മേഖലകളായ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവയിൽ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.