പിണറായി : ഏറ്റവും കുറഞ്ഞ ചിലവില്‍ മികച്ച താമസസൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി പിണറായിയില്‍ നിർമ്മിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് തറക്കല്ലിട്ടു. 5.8 കോടി രൂപ ചിലവിലാണ് റസ്റ്റ് ഹൗസിന്റെ നിര്‍മാണം നടക്കുക.
പിണറായി കമ്പനിമെട്ടയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഒരേക്കര്‍ അഞ്ചു സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രവും റെസ്റ്റോറന്റും ഒരുങ്ങുന്നത്.
ഭൂഗര്‍ഭനില ഉള്‍പ്പെടെ നാലു നിലകളിലായി 34 മുറികള്‍, രണ്ട് വി ഐ പി മുറികള്‍, റസ്റ്റോറന്റ്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ രണ്ടു ഘട്ടങ്ങളിലായാണ് നിര്‍മ്മിക്കുക. ഒന്നാം ഘട്ടത്തില്‍ തറ നിലയും ഒന്നാം നിലയും നിര്‍മ്മിക്കും. തറ നിലയില്‍ ഒരു വി ഐ പി റൂം ഉള്‍പ്പടെ അഞ്ചു മുറികള്‍, ഇലക്ട്രിക്കല്‍ റൂം, കെയര്‍ ടെക്കെര്‍ റൂം, ബോര്‍ഡ് റൂം, റിസപ്ഷന്‍, ഓഫീസ് റൂം, എന്‍ട്രന്‍സ് ലോബി, റസ്റ്റോറന്റ്, അടുക്കള എന്നിവയും ഒന്നാം നിലയില്‍ ഒരു വി ഐ പി റൂം ഉള്‍പ്പടെ എട്ടു മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.
പിണറായി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പിക്കോസ്) ആണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.മു ഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ രവി, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, വേങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗം എ രാജീവന്‍, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു,. വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത സ്വാഗതവും പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ നന്ദിയും പറഞ്ഞു.
തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.