പാനൂർ:ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്‌സ് ഉൾപ്പടെയുള്ള പഠനസംബന്ധമായ കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി നൽകുന്നത് വിദ്യാർത്ഥികൾക്ക് അമിതഭാരവും പ്രിൻ്റ്ഔട്ട് എടുത്ത് പഠിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷകർത്താക്കൾ ബാലാവകാശ കമ്മീഷനിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ്. എന്നാൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്കും റീജിയണൽ ഡെപ്യൂട്ടിഡയറക്ടർമാർക്കും മാത്രമാണിത് ബാധകമാകുക.
കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അവരുടെ പഠനം മുടങ്ങാതിരിക്കുന്നതിനായി ഓൺലൈൻ പഠനരീതിയെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ നേരിട്ടുള്ളക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കുന്നതിനും ശരിയായരീതിയിൽ മനസ്സിലാക്കുന്നതിനും സംശയനിവാരണം വരുത്തുന്നതിനും അദ്ധ്യാപകർ നോട്സ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വാട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്ത് പ്രിൻറ് എടുപ്പിക്കുന്നതും അതിലൂടെ നേരിട്ട് ക്ലാസിൽ ലഭിക്കേണ്ടതായ പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നതും പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇക്കാര്യത്തിൽ പ്രിൻസിപ്പൽമാർ കൃത്യമായ മോണിറ്ററിംഗ് നടത്തേണ്ടതാണ്. റീജിയണൽ ഡെപ്യൂട്ടിഡയറക്‌ടർമാർ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനങ്ങൾ നടത്തി മോണിറ്ററിംഗ് ശക്തിപ്പെടുത്തേണ്ടതും വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പ്രതികരണങ്ങൾ ആരായേണ്ടതുമാണെന്നാണ് സർക്കുലർ.