കണ്ണൂർ: അത്യാഹിതത്തിലായ ഗർഭിണിയായ രോഗിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്‍കിയ സി ഐ ടി യു നേതാവായ 108 ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കണ്ണൂർ പേരാവൂരില്‍ 108 ആംബുലൻസ് ജീവനക്കാർ സമരത്തില്‍.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്ക് ആസ്പദമായ സംഭവം. പേരാവൂർ താലൂക്ക് ആശുപത്രിയില്‍ നിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയ ഗർഭിണിയായ ആദിവാസി യുവതിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് 108 ആംബുലൻസ് നഴ്‌സ് അല്‍ഫിനയും ഡ്രൈവർ ധനേഷും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ യുവതിയുടെയും കുഞ്ഞിൻ്റെയും ജീവൻ രക്ഷിച്ച ധനേഷിനെയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സിനെയും അനുമോദിക്കാൻ സ്വകാര്യ ആശുപത്രി അധികൃതർ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാൻ ഇരുവർക്കും 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനി അനുമതി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ പേരാവൂർ താലൂക്ക് ആശുപത്രിയില്‍ എത്തി ചടങ്ങ് സംഘടിപ്പിച്ച് സ്വകാര്യ ആശുപത്രി അധികൃതർ ധനേഷിനെ അനുമോദിച്ചിരുന്നു. അനുമോദന ചടങ്ങില്‍ അനുമതിയില്ലാതെ പങ്കെടുത്തതിനാണ് ധനേഷിനെ കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയതായി സ്വകാര്യ കമ്പനി പറയുന്ന കാരണം.