Zygo-Ad

ഡിജിറ്റല്‍ സര്‍വേ : ചീങ്കണ്ണിപ്പുഴയോരത്തെ കര്‍ഷകരുടെ പട്ടയഭൂമി റവന്യു പുറമ്പോക്കായി


കേളകം: പഞ്ചായത്തിലെ രണ്ടാം വാർഡില്‍പെടുന്ന പ്രദേശത്ത് ഡിജിറ്റല്‍ സർവേയുടെ ഭാഗമായി ഭൂമി അളന്നപ്പോള്‍ നിരവധി കർഷകരുടെ പട്ടയ ഭൂമി റവന്യൂ പുറമ്പോക്കില്‍ പെടുത്തിയതായി പരാതി.

ചീങ്കണ്ണിപ്പുഴയുടെ പൂക്കുണ്ട് ഭാഗത്ത് സർവേ നടത്തിയപ്പോഴാണ് ഇത്തരത്തില്‍ കർഷകരുടെ നികുതി അടച്ചു വരുന്ന പട്ടയ ഭൂമി ചീങ്കണ്ണി പുഴയുടെ പുറമ്പോക്കായി രേഖപ്പെടുത്തിയതായി കാണുന്നത്. 


വടക്കേ പറമ്പില്‍ ജിജോയുടെ സ്ഥലം തൊട്ട് ചീങ്കണ്ണി പുഴയോരത്തെ പട്ടയ സ്ഥലങ്ങളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പുറമ്പോക്ക് വിട്ട് രേഖകള്‍ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയില്‍ നിന്ന് വടക്കേ പറമ്പില്‍ ജിജോയുടെ 10 സെന്‍റ്, കോയിക്കല്‍ ജോർജുകുട്ടിയുടെ 52 സെന്‍റ്, പാലത്തിങ്കല്‍ ബെസി മറ്റൊരാളില്‍ നിന്ന് വില കൊടുത്തു വാങ്ങിയ ആകെ 75 സെന്‍റില്‍ നിന്ന് 23 സെന്‍റ് എന്നിവയാണ് ഇപ്പോഴത്തെ സർവേയില്‍ കുറവ് വന്നിരിക്കുന്നത്. 

ഇന്ന് ഇതിന്‍റെ ബാക്കി ഭാഗം അളക്കുമെന്നാണ് സർവേ ടീം അറിയിച്ചിരിക്കുന്നത്. ഭൂമി ഗണ്യമായി നഷ്ടപ്പെട്ടതോടെ പ്രതിഷേധവുമായി പ്രദേശ വാസികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 

ചീങ്കണ്ണിപ്പുഴയുടെ പുറമ്പോക്ക് മാസങ്ങള്‍ക്കു മുമ്പ് അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇത് പ്രദേശ വാസികളെ അറിയിക്കാതെയാണ് നടത്തിയത്. പിന്നീട് വളയഞ്ചാല്‍ ഭാഗത്ത് എത്തിയപ്പോഴാണ് പ്രദേശ വാസികള്‍ പ്രതിഷേധവുമായി എത്തുകയും പ്രദേശ വാസികളെ കൂടി ഉള്‍പ്പെടുത്തി അതിർത്തി നിർണയിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുകയും ചെയ്തത്. 

എന്നാല്‍ ചീങ്കണ്ണിപ്പുഴയുടെ അതിർത്തി നിർണയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇത് കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ടതല്ലതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള ആളുകള്‍ എത്തി യോഗം ചേർന്ന് പ്രദേശ വാസികളെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം ഘടക വിരുദ്ധമായാണ് ഇപ്പോള്‍ അതിർത്തി നിർണയം നടത്തിയിരിക്കുന്നത്. റവന്യൂ വകുപ്പും ആറളം വന്യജീവി സങ്കേതം അധികൃതരും ഏകപക്ഷീയമായാണ് ചീങ്കണ്ണിപ്പുഴയുടെ അതിർത്തി നിർണയം പൂർത്തിയാക്കിയത്. ഇത് ഡിജിറ്റല്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. 

ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ റീസർവേ നടക്കുന്നത്. വളയംചാല്‍ മുതല്‍ ഉള്ള ആന പ്രതിരോധ മതിലില്‍ നിന്ന് 10 മുതല്‍ 20 മീറ്റർ വരെ കർഷകരുടെ ഭൂമിയിലേക്ക് കയറിയാണ് ചീങ്കണ്ണിപ്പുഴയുടെ അതിർത്തി ഇപ്പോള്‍ നിർണയിച്ചിരിക്കുന്നത്. മാത്രമല്ല കേളകം പഞ്ചായത്തിന്‍റെ അധീനതയിലുണ്ടായിരുന്ന ചീങ്കണ്ണിപ്പുഴ ഇപ്പോള്‍ ആറളം പഞ്ചായത്തിന്‍റെ അധീനതയില്‍പെടുത്തിയതായും പറയുന്നു. 

ഗുരുതരമായ അനാസ്ഥയാണ് പഞ്ചായത്തിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് പ്രദേശ വാസികള്‍ ആരോപിക്കുന്നു. തങ്ങളുടെ പട്ടയത്തില്‍പ്പെട്ട ഭൂമി കൃത്യമായി തങ്ങള്‍ക്ക് അളന്നു നല്‍കണമെന്നും അല്ലാത്തപക്ഷം ഡിജിറ്റല്‍ സർവേയെ തടയുമെന്നും പ്രദേശ വാസികള്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ