ഇരിട്ടി: മാക്കൂട്ടം-പെരുമ്പാടി, അമ്മത്തി-സിദ്ധാപുരം, കരിക്കെ-ബാഗ മണ്ഡലം റോഡുകളുടെ നവീകരണ പ്രവൃത്തി പെരുമ്പാടിയില്‍ വീരാജ്പേട്ട എംഎല്‍എ എ.എസ്.പൊന്നണ്ണ ഉദ്ഘാടനം ചെയ്‌തു. ഇന്നലെ വൈകുന്നേരം പെരുമ്പാടിയില്‍ എത്തിയ എംഎല്‍എ ഉദ്ഘാടനത്തിന്‍റെ ഭാഗമായി പൂജ നടത്തി.
25 കോടി രൂപ ചെലവില്‍ കർണാടക മരാമത്ത് വിഭാഗമാണ് പ്രവൃത്തിയുടെ നടത്തിപ്പ്. വീരാജ്പേട്ട നഗരസഭാ വൈസ് പ്രസിഡന്‍റ് ഫസിയ തപ്‌സം, കൗണ്‍സിലർമാരായ സി.കെ. പ്രത്വിനാഥ്, രഞ്ചി പൂണച്ച, ജലീല്‍, സുണ്ടിക്കുപ്പ പഞ്ചായത്ത് അംഗം എം.ഇ. ഇബ്രാഹിം, ആർജി പഞ്ചായത്ത് അംഗം ഉപേന്ദ്രൻ, മരാമത്ത് അസിസ്‌റ്റന്‍റ് എൻജിനിയർ ലിങ്കരാജ് എന്നിവർ പ്രസംഗിച്ചു.
പെരുമാടി മുതല്‍ ആദ്യ 2.5 കിലോ മീറ്ററിലും കൂട്ടുപുഴ മുതല്‍ ആദ്യ രണ്ടു കിലോ മീറ്ററിലും വീതി കൂട്ടി മെക്കാഡം റിടാറിംഗും ബാക്കി വരുന്ന 15.5 കിലോ മീറ്ററില്‍ ടാറിംഗ് അറ്റകുറ്റപ്പണിയുമാണു നടത്തുക.
അമ്മത്തി-സിദ്ധാപുരം ഒമ്പത് കിലോ മീറ്റർ റോഡില്‍ നാലു കിലോ . മീറ്റർ റീടാറിംഗും ബാക്കി ഭാഗം ടാറിംഗ് അറ്റകുറ്റപ്പണിയും കരിക്കെ-ബാഗമണ്ഡല 16 കിലോ മീറ്റർ റോഡില്‍ നാലു കിലോ മീറ്റർ റീടാറിംഗും ബാക്കി ഭാഗം ടാറിംഗ് അറ്റകുറ്റപ്പണിയും നടത്തും. മഴക്ക് മുമ്പ് പൊട്ടിപ്പൊളിഞ്ഞ മാക്കൂട്ടം ചുരം പാത മഴയോടെ തീർത്തും ദുർഘടമായിരുന്നു. റോഡിന്‍റെ ശോച്യാവസ്ഥയെ കുറിച്ച് മുൻപ് വാർത്ത ചെയ്തിരുന്നു.