തളിപ്പറമ്പ്: സുഹൃത്ത് ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് എംവിഡി പിഴയിട്ടതില്‍ രോഷാകുലനായി യൂത്ത് ലീഗ് നേതാവ്. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് താനൊരു നേതാവാണെന്നും എംവിഡിയുടെ പേടിപ്പിക്കലൊക്കെ അൻ്റെ വീട്ടില്‍ വെച്ചാല്‍ മതിയെന്നും പറഞ്ഞ് എംവിഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്.
തളിപ്പറമ്പ് ടെസ്റ്റിങ് ഗ്രൌണ്ട് ഓഫീസില്‍ വെച്ചായിരുന്നു സംഭവം. ഉദ്യോഗസ്ഥരോട് നിരവധി തവണ ഭീഷണി സ്വരത്തില്‍ സംസാരിച്ചിരുന്ന ഇയാള്‍ തുടർച്ചയായി ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ നീയെന്താ എന്നെ അടിക്കുമോ, എന്ന് ചോദിച്ച് യുവാവ് എംവിഡി ഓഫീസിനുള്ളിലേക്ക് കയറിപ്പോകുകയും നീയെന്നാല്‍ ഒന്ന് അടിച്ച് നോക്ക് എന്ന് ആക്രോശിക്കുകയും ചെയ്തു.
തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ പുറത്തെത്തിച്ചെങ്കിലും സംഭവത്തിൻ്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്ന മാധ്യമ പ്രവർത്തകനോടായി യൂത്ത് ലീഗ് നേതാവിൻ്റെ അടുത്ത ആക്രോശം.