ഇരിട്ടി: വഴിയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ പായം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു.
സമീപ പ്രദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ വാഹനത്തില്‍ എത്തി റോഡരികുകളിലും പുഴയോരങ്ങളിലും മാലിന്യം തള്ളുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ച് കുറ്റക്കാരെ പിടികൂടി നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
പഞ്ചായത്തിലെ പെരിങ്കിരിയിലെ എംസിഎഫില്‍ സ്ഥാപിക്കുന്ന സിസിടിവി ക്യാമറയുടെ ഉദ്ഘാടനം പ്രസിഡന്‍റ് പി. രജനി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അധ്യക്ഷ വി. പ്രമീള അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക, മെമ്പർമാരായ ബിജു കോണ്ടാടൻ, ശ്രീജ രാജൻ, കണ്‍സോഷ്യം ഭാരവാഹികളായ ഗിരിജ പവിത്രൻ, ബിജിന എം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പരിധിയില്‍ ഇരിട്ടി പാലം, കിളിയന്തറ, പെരിങ്കരി എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.