കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയിൽ സഞ്ചാര യോഗ്യമായ പാതയില്ലാതെ എട്ടു കുടുംബങ്ങൾ പെരുവഴിയിലാണ് എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലായിരിക്കാം. എന്നാൽ നഗരസഭാ പരിധിയിലെ 26, 27 വാർഡുകളിലെ 8 കുടുംബങ്ങളിലെ വിവിധ പ്രായക്കാരായ അൻപതോളം മനുഷ്യർ അനുഭവിക്കുന്ന ദുരിതമാണിത്.
സംസ്കരിക്കാൻ ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടു പോകാൻ നല്ലൊരു നടപ്പാത പോലുമില്ലാതെ വിഷമിക്കുകയാണ് ഇവർ. തൊക്കിലങ്ങാടിയെ പന്നിയോറ റോഡുമായി ബന്ധിപ്പിക്കുന്ന എളുപ്പ മാർഗ്ഗമായ ഇവിടെ പകുതി ഭാഗം വരെ മാത്രമേ സഞ്ചാരയോഗ്യമായ റോഡുള്ളൂ. ബാക്കിയുള്ള 150 മീറ്ററും സഞ്ചാരയോഗ്യമായ നടപ്പാത പോലുമില്ലാത്ത അവസ്ഥയാണ്. കൂത്തുപറമ്പ് നഗരസഭയിലെ 26, 27 വാർഡുകളിലാണ് ഈ ദുരിത വഴി. സഞ്ചാരയോഗ്യമായ പാത വേണമെന്ന ആവശ്യം ഉന്നയിച്ച് ദുരിതമനുഭവിക്കുന്ന സമീപത്തുള്ള 8 ഓളം കുടുംബങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചതിനെ തുടർന്ന് 6 മാസം മുൻപാണ് അധികൃതർ ഇവിടെ സന്ദർശിച്ചത്. എന്നാൽ അത് വെറും പ്രഹസനം മാത്രമായിരുന്നുവെന്ന് പ്രദേശ വാസികൾ ആരോപിച്ചു.
നടപ്പാതയുടെ അരികിലായുള്ള തോട് മഴക്കാലത്ത് യാത്രാ ഭീഷണി ഉയർത്തുന്നതാണ്. മഴവെള്ളം നിറഞ്ഞ് തോടു കര കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. തോടു നിറഞ്ഞിരിക്കുന്ന സമയത്ത് നടപ്പാതയേതെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയാണ്. അപകട നിലയിലാണ് ആ സമയത്തുള്ള യാത്ര. മിക്കവാറും മഴയുള്ള ദിവസങ്ങളിൽ ആരും വീടിന് പുറത്തു പോകാൻ തയ്യാറാകാറില്ല.അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തു പോവേണ്ടി വന്നാൽ തന്നെ മഴ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ തോട്ടിൽ വീഴുകയും അപകടമുണ്ടാകുകയും ചെയ്യുന്നു.. യാത്ര ക്ലേശം അടിയന്തരമായി പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.