Zygo-Ad

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം: ഉറവിടം കണ്ടെത്താൻ പ്രത്യേക സ്‌ക്വാഡ് : പരിശോധന വ്യാപകം

 


കണ്ണൂർ : മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് മേഖലയില്‍ ഡിഎംഒയുടെ നിർദേശ പ്രകാരം ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കൂള്‍ ബാറുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ സ്‌ക്വാഡ് നടത്തിയ പരിശോധയില്‍ നിരവധി ചട്ട ലംഘനങ്ങള്‍ കണ്ടെത്തി. കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയ്യാറാക്കുന്നതായി വിവരം ലഭിച്ചു. ഹെല്‍ത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന ഹോട്ടലുകളുടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ചു.

കുടിവെള്ളം പരിശോധിച്ചതിന്റെ വിശദാംശങ്ങള്‍ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. നഗരത്തില്‍ കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലം പരിശോധിച്ചതില്‍ ഇ- കോളിയുടെ സാനിധ്യം കണ്ടെത്താനായില്ല. 

നഗരത്തില്‍ വിതരണം ചെയ്യുന്ന മറ്റു കുടിവെള്ള സ്രോതസ്സുകളെ കുറിച്ച്‌ അന്വേഷണം നടത്തി വരികയാണ്. നഗരത്തില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനക്ക് ശേഖരിക്കും.

കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്ദ സംഘവും തളിപ്പറമ്പ് മേഖല സന്ദർശിച്ച്‌ രോഗ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ജില്ലാ ആരോഗ്യ വകുപ്പിനോടൊപ്പം ചേർന്ന് നടത്തുന്നു. ഡിസീസ് മാപ്പ് തയ്യാറാക്കി തുടർ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി. 

മല വിസർജ്യം കലർന്ന വെള്ളം കുടിക്കാനായി ഉപയോഗിക്കുന്ന സാഹചര്യം ഉള്ളതായാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാണ് ശ്രമിക്കുന്നത്. 

കൂട്ടു കുടുംബമായി കൂടുതല്‍ അംഗങ്ങള്‍ താമസിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ രോഗ വ്യാപനത്തിന്റെ സാഹചര്യം ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രോഗം വന്നവർ വിവരം സ്വകാര്യമാക്കി വെക്കുന്നതും ആരോഗ്യ പ്രവർത്തകരോട് കാര്യങ്ങള്‍ തുറന്നു പറയുന്നതിന് വിമുഖത കാട്ടുന്നതും വെല്ലുവിളിയാണ്. 

രോഗം സംശയിക്കുന്നവർ ആദ്യം ക്ലിനിക്കുകളില്‍ കാണിക്കുകയും ടെസ്റ്റിംഗിന് ശേഷം തിരികെ ക്ലിനിക്കില്‍ പോകാതെ പച്ച മരുന്ന് ചികിത്സകരെ കാണിക്കുന്നതായും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പെടാതെ വരുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

തളിപ്പറമ്പില്‍ ഈ വർഷം മെയ് മാസമാണ് മഞ്ഞപ്പിത്തം പകർച്ച വ്യാധി റിപ്പോർട്ട് ചെയ്തത്. നിലവില്‍ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 477 പേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 

തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകള്‍ ഏറെയും. തളിപ്പറമ്പ് നഗരസഭയില്‍ നിന്ന് അകലെയുള്ള ചെറുതാഴം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കേസുകള്‍ കുറവുമാണ്.

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ നല്ലൊരു ശതമാനം വിദ്യാർഥികളാണ്. നഗരങ്ങളില്‍ നിന്നു ശീതള പാനീയങ്ങളും ഭക്ഷണവും കഴിച്ചവരിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. 

മേഖലയിലെ മുഴുവൻ സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ബോധവത്കരണ പരിപാടികളും വൃത്തിയുള്ള ഭക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധ വല്‍ക്കരണ പരിപാടികളും നടത്തിയിരുന്നു.

ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരമുള്ള സ്‌ക്വാഡില്‍ ജില്ലാ സർവേലൻസ് ഓഫീസർ ഡോ. സച്ചിൻ കെ സി യുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡില്‍ ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി സുധീഷ്, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക്, ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ ബിജു, ശ്രീകാന്ത്, രോഹിത് എന്നിവരും ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ പവിത്രൻ ദില്‍ന, ഭാവന എന്നിവരും ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ