മണക്കടവ്: അധികൃതർ കനിയാത്തതിനെ തുടർന്ന് ജനകീയ കൂട്ടായ്മയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. മൂരിക്കടവ് പുഴക്ക് റഗുലേറ്റർ കം ബ്രിജ് നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും അധികാരികള്‍ തിരിഞ്ഞു നോക്കാതെ വന്നതോടെ ചീക്കാട് - മൂരിക്കടവ് റോഡിലെ ചപ്പാത്തിനോടു ചേർന്ന ഭാഗത്തെ റോഡ് ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ചെയ്‌തു.
വികസന സമിതിയിലെ വാട്സ് ആപ്പ് അംഗങ്ങള്‍ പണമായും പണിയാക്കും സാധനങ്ങള്‍ വാങ്ങി നല്‍കിയുമാണ് റോഡില്‍ കോണ്‍ക്രീറ്റ് പ്രവർത്തികള്‍ നടത്തിയത്.
മലബാറിലെ പ്രധാന തീർത്ഥാടന ദേവാലയമായ ചീക്കാട് ഉണ്ണി മിശിഹ പള്ളിയിലേക്ക് പ്രധാന ദിവസങ്ങളില്‍ നൂറു കണക്കിന് ആളുകളാണ് ഇതു വഴി വരുന്നത്. റോഡിന്‍റെ തകർന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യാൻ ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തില്‍ തീരുമാനിക്കുകയായിരുന്നു.
മൂന്നു മീറ്റർ വീതിയില്‍ 25 മീറ്റർ നീളത്തിലാണ് കോണ്‍ക്രീറ്റ് നടത്തിയത്. ഏകദേശം അറുപതിനായിരം രൂപയാണ് ചെലവായത്. കണ്‍വീനർ റോബി പുളിക്കൻ, കമ്മിറ്റി അംഗങ്ങളായ ജോബി പന്തലാനി ,സി.കെ. രാജേഷ് , സന്തോഷ് തെക്കേടം, എന്നിവരാണ് നേതൃത്വം നല്‍കിയത്.