കണ്ണൂർ: കണ്ണവം ഉന്നതിയിൽനിന്ന് കാണാതായ യുവതിക്കായി ഞായറാഴ്ച നാട്ടുകാരും വിവിധ സന്നദ്ധസംഘടനകളും വനത്തിൽ തിരച്ചിൽ നടത്തും. 10 ദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും യാതൊരു തുമ്പും ലഭിക്കാത്തതിനാൽ ആശങ്കയിലാണ് നാട്ടുകാർ.
കണ്ണവം പോലീസ്, ഡോഗ് സ്ക്വാഡ്, വനംവകുപ്പ്, ഡ്രോൺ ക്യാമറ, തണ്ടർബോൾട്ട് സേന, നാട്ടുകാർ തുടങ്ങിയവർ തുടർച്ചയായ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിട്ടും ഇതുവരെ ഒരുവിവരവും ലഭിച്ചില്ല.
വന്യമൃഗ സാന്നിധ്യമുണ്ടാകുമെന്നതിനാൽ ഉൾവനങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തുന്നുണ്ട്. കണ്ണവം വനത്തോടു ചേർന്നുള്ള പന്നോട്, നരിക്കോട്ടുമല, കോളയാട് ചങ്ങല ഗേറ്റ് ഭാഗം, എടയാർ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. പന്നോട് ഭാഗത്ത് ഒരു സ്ത്രീ നടന്നുപോകുന്നത് കണ്ടതായി നാട്ടുകാരിൽ ഒരാൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് പന്നോട് ഭാഗത്ത് തിരച്ചിൽ നടത്തിയത്.
കണ്ണവം ഇൻസ്പെക്ടർ കെ.വി.ഉമേഷിന്റെ നേതൃത്വത്തിൽകണ്ണവം ഇൻസ്പെക്ടർ കെ.വി.ഉമേഷിൻ്റെ നേതൃത്വത്തിൽ ക്വിക്ക് റെസ്പോൺസ് ടീം, വനംവകുപ്പ് ഉൾപ്പെടെ 30 പേരോളം ദിവസേന തിരച്ചിൽ നടത്തി.
കഴിഞ്ഞദിവസം പാട്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റിന്റെ നേതൃത്വത്തിൽ വെങ്ങളത്ത് ചേർന്ന നാട്ടുകാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ ആധുനിക സൗകര്യത്തോടെ തിരച്ചിൽ ഊർജിതമാക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനെത്തുടർന്നാണ് തണ്ടർ ബോൾട്ട് സേന തിരച്ചിലിനായി എത്തിയത്. വന്യജീവിമേഖല ഉൾപ്പെട്ട പ്രദേശങ്ങളിൽ സാധാരണയായി ഇത്തരം സായുധ പോലീസ് സേനാംഗങ്ങളെയാണ് ഉൾവനങ്ങളിലെ തിരച്ചിലിനായി നിയോഗിക്കുന്നത്.