വ്യാഴാഴ്ച രാത്രി 10 മണിയോടെ ബസ്റ്റാന്റിനകത്ത് പ്രവർത്തിച്ചുവരുന്ന നൈസ് കൂൾബാറിലാണ് തീപിടുത്തമുണ്ടായത്. ഈ സ്ഥാപനത്തിലേക്ക് വൈദ്യുതി നൽകുന്ന വൈദ്യുത പോസ്റ്റിൽ ചെറിയ പൊട്ടിത്തെറിയും സർവീസ് വയറുകളും മറ്റും കത്തുന്നതായി കടയടച്ചു ബസ് സ്റ്റാന്റിന് സമീപം നിൽക്കുകയായിരുന്ന റാറാവീസ് കൂൾബാറിലെ മുഹമ്മദ് അഷ്‌റഫിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഇതോടെ നൈസ് കൂൾ ബാറിനകത്തും തീപ്പടരുന്നതായി മനസ്സിലാക്കിയ മുഹമ്മദ് കെ എസ് ഇ ബി അധികൃതരെയും ഇരിട്ടി അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ വിവരമറിഞ്ഞെത്തിയ നാട്ടുകാരും വെള്ളമൊഴിച്ച് തീക്കെടുത്താൻ ശ്രമം നടത്തുന്നതിനിടെ അഗ്നിശമനസേനയും സ്ഥലത്തെത്തി തീ പൂർണ്ണമായും അണക്കുകയായിരുന്നു .
വസ്ത്ര ശാലകളും മറ്റു നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് തീപ്പിടുത്തമുണ്ടായത്. കൂൾബാറിനകത്ത് മൂന്നോളം ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നു. ഈ സമയം ബസ് സ്റ്റാന്റ് പരിസരത്തു ആളുകൾ ഉണ്ടായിരുന്നതും തീ പെട്ടെന്ന് നിയന്ത്രമാക്കാൻ കഴിഞ്ഞതുമാണ് വൻ അപകടം ഒഴിവായത്.
അൽപ്പം കൂടി കഴിഞ്ഞായിരുന്നെങ്കിൽ തീപ്പിടുത്തം ആരുടെയും ശ്രദ്ധയിൽ പ്പെടില്ലായിരുന്നു. കൂൾബാറിലെ വൈദ്യുതി മീറ്ററും ബോർഡും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.