Zygo-Ad

ചെങ്കല്ല് ചുമന്നും വാർക്കപ്പണിയെടുത്തും പഠനം, MBA,MA ബിരുദങ്ങൾ; ബോഡി ബിൽഡിങ് താരം കൂടിയായ കൂത്തുപറമ്പ് സ്വദേശി ഷിനു ചൊവ്വ ഇനി പോലീസ് ഓഫീസർ

 


കണ്ണൂര്‍: ചെങ്കല്ല് ചുമന്നും വാര്‍ക്കപ്പണിയെടുത്തും ജീവിതത്തിന്റെയും ശരീരത്തിന്റെയും അഴകളവുകൾ സൂക്ഷിച്ചയാളെത്തേടി പോലീസ് ഉദ്യോഗം. ബോഡി ബിൽഡിങ് താരം കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരിയിലെ ഷിനു ചൊവ്വ(37)യ്ക്കാണ് ആംഡ് പോലീസ് ബറ്റാലിയനിൽ ആംഡ് പോലീസ് ഇൻസ്പെക്‌ടറായി നിയമനം ലഭിക്കുന്നത്. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.  ബറ്റാലിയനിലുണ്ടാകുന്ന ആംഡ് പോലീസ് ഇൻസ്പെക്ടർ ഒഴിവിൽ ഇദ്ദേഹത്തിന് നിയമനം ലഭിക്കും. ഇൻസ്പെക്ടർ റാങ്കിന് സമാനമായ  തസ്‌തികയാണിത്.

അന്തർദേശീയതലത്തിൽ ഏഴുവട്ടം  ശരീരസൗന്ദര്യ മത്സരങ്ങളിൽ 'മെൻസ് ഫിസിക്ക്' വിഭാഗത്തിൽ ശ്രദ്ധേയനായ ഷിനു പങ്കെടുത്ത ഒൻപത് അന്തർദേശീയ മത്സരങ്ങളിൽ ഏഴിലും മെഡൽ നേട്ടം കൈവരിച്ചു. മൂന്നുതവണ വീതം വേൾഡിലും ഏഷ്യയിലും ഒരു തവണ സൗത്ത് ഏഷ്യയിലും. 2018-ലും 2022-ലും തായ്ല‌ാൻഡിലും 2019-ൽ സൗത്ത് കൊറിയയിലും നടന്ന വേൾഡ് ബോഡി ബിൽഡിങ് ആൻഡ് സ്പോർട്‌സ് ഫിസിക്ക് മത്സരങ്ങളിലാണ് ചാമ്പ്യൻപട്ടം നേടിയത്

എം.ബി.എ., എം.എ. ബിരുദങ്ങൾ നേടിയ ഇദ്ദേഹം സിനിമാതാരങ്ങളായ ദീപ്തി സതി, കാംന ജത്മലാനി എന്നിവരുടെ സണൽ ട്രെയിനറായി വർത്തിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിൽ അഭിനയിച്ചു. മോഡലിങ് രംഗത്ത് സജീവമായ ഇദ്ദേഹം വിവിധ ബ്രാൻഡുകളുടെ അംബാസഡറായും പ്രവർത്തിച്ചു.

പഠനകാലത്ത് നാടൻ പണികൾക്ക് പോയാണ് പഠനത്തിനുള്ള തുക കണ്ടെത്തിയിരുന്നത്. 18-ാം വയസ്സിൽ കൂത്തുപറമ്പ് 'ജിം സോൺ' എന്ന സ്ഥാപനത്തിൽ റെയിൽവേ ഉദ്യോഗസ്ഥനായ മഹേഷ് ബാബുവിന്റെ ശിക്ഷണത്തിലാണ് ബോഡി ബിൽഡിങ് തുടങ്ങിയത്. ജോലി തേടി ബെംഗളുരുവിലെത്തിയപ്പോഴാണ് അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാധ്യതകളെക്കുറിച്ച് കൂടുതലായി അറിഞ്ഞത്. പിന്നീട് അതിനായുള്ള പരിശീലനം തുടങ്ങി

നിർമലഗിരി കോളേജിലെ ബിരുദപഠനകാലത്ത് എൻ.എസ്.എസിലും സജീവമായിരുന്നു. പരേതനായ  വി.കെ.നാണുവിൻ്റെയും ഓമനയുടെയും മകനാണ്.

വളരെ പുതിയ വളരെ പഴയ