കണ്ണൂർ: വിലകുറഞ്ഞ ഫാൻസി മോതിരങ്ങള്‍ വിരലുകളില്‍ ഊരാക്കുടുക്കാവുന്നത് സ്ഥിരമാവുകയാണ്. കണ്ണൂർ തളിപ്പറമ്പില്‍ നിന്നു മാത്രം ഒരു വർഷത്തിനിടെ ഫയർഫോഴ്സ് മുറിച്ചെടുത്തത് അമ്പതിലധികം മോതിരങ്ങളാണ്.
ഊരാക്കുടുക്കായ മോതിര കെണികളുമായി എത്തുന്നവരുടെ കൈയില്‍ നിന്ന് വിരല്‍ പോലും അറിയാതെ വേണം അത് അഴിച്ചെടുക്കാൻ. അതും അതീവ ശ്രദ്ധയോടെ. അല്‍മൊന്നു പാളിയാല്‍ കൈവിട്ടു പോകും.
കഴിഞ്ഞ വർഷം തളിപ്പറമ്പ് ഫയർ ഫോഴ്സ് ഓഫീസില്‍ മാത്രം മോതിര കെണികളുമായി എത്തിയവരുടെ എണ്ണം വളരെയേറെയാണ്. അൻപതിലധികം സ്റ്റീല്‍ മോതിരങ്ങളുണ്ട്. മുറിച്ചെടുത്ത സ്വർണ മോതിരങ്ങള്‍ വേറെയും.
കൈയില്‍ മോതിരം കുടുങ്ങി സഹായം തേടി വിളിക്കുന്നവരുടെ ഫോണ്‍ കോളുകളാണ് ഇപ്പോള്‍ ഫയർ ഫോഴ്സിന് ലഭിക്കുന്ന കോളുകളില്‍ കുറേയെറെയുമെന്ന് സ്റ്റേഷൻ ഓഫീസർ പ്രേമൻ പറഞ്ഞു.
വണ്ണം വെച്ചിട്ടില്ലെങ്കില്‍ നൂല്‍ ഉപയോഗിച്ച് തന്നെ മോതിരക്കെണി അഴിക്കാനൊക്കും. അല്ലെങ്കില്‍ പിന്ന് മുറിച്ച് മാറ്റും.
വിരലില്‍ മോതിരം അണിയുമ്പോള്‍ അതിന്റെ ഭംഗി മാത്രമായിരിക്കും നോക്കുന്നത്. പിന്നെ പതുക്കെ മോതിരം വിരലില്‍ മുറുകും. ഊരിയോടുക്കാനാവാതെ പണിപ്പെടും. ഊരിയെടുക്കാനാവാതെ വരുമ്പോള്‍ പിന്നെയും പിന്നെയും വലിച്ച് വിരലില്‍ നീരു വന്ന് പ്രശ്നം കുറേക്കൂടി ഗുരുതരമാവും.
ഇതിന് ശേഷമായിരിക്കും ഫയർ ഫോഴ്സിന്റെ അടുത്തെത്തുന്നത്. 98 വയസായ ഒരാളുടെ മൂന്ന് മോതിരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വന്ന അനുഭവവും സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
തളിപ്പറമ്പില്‍ മാത്രം ഇത്രയെങ്കില്‍ കണ്ണൂരിലും മറ്റിടങ്ങളിലുമെല്ലാം എത്ര കാണുമെന്ന് ഊഹിക്കാം. വിരല്‍ നോവാതെ മോതിരം മുറിച്ചെടുക്കാൻ അഗ്നി ശമന സേനയ്ക്കാവും. എന്നാലും ശ്രദ്ധിക്കണം.
മോതിരം കുടുങ്ങിയാല്‍ അധികം വലിച്ച് മാറ്റാതെ ഫയർ സ്റ്റേഷനിലെത്തിയാല്‍ പ്രയാസമില്ലാതെ ഊരിയെടുക്കാം. കുട്ടികള്‍ ഇത്തരം സ്റ്റീല്‍ മോതിരങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും സ്റ്റേഷൻ ഓഫീസർ പറയുന്നു.