Zygo-Ad

പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ പരാക്രമവുമായി യുവാക്കൾ; ഒരാള്‍ അറസ്റ്റില്‍


ഇരിട്ടി: എൻഡിപിഎസ് സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

കോളിക്കടവ് സ്വദേശി ഷാജനെയാണ് (39) ആറളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 ഓടെയാണ് കേസിനാസ്പദമായ സംഭവം.

എടൂർ പെട്രോള്‍ പമ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് സംശയാസ്പദമായ രീതിയില്‍ കണ്ട രണ്ടു പേരെ ചോദ്യം ചെയ്തപ്പോഴാണ് സീനിയർ സിവില്‍ പോലീസ് ഓഫീസർ സോജി അഗസ്റ്റിൻ, എസ്‌ ഒ ജി വി.എല്‍. സെബാസ്റ്റ്യൻ എന്നിവർക്കു നേരെ കോളിക്കടവ് സ്വദേശികളായ ഷാജൻ (39), സുബിത്ത് (35) എന്നിവർ ചേർന്ന് കൈയേറ്റം ചെയ്തത്. 

പോലീസിനെ തടഞ്ഞു വച്ച്‌ ചീത്ത വിളിക്കുകയും കൈയേറ്റം ചെയ്യുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതിനാണ് പോലീസ് കേസെടുത്തത്. 

സംശയകരമായ സഹചര്യത്തില്‍ കണ്ട ഇരുവരെയും മഫ്തിയിലെത്തിയ പോലീസ് ഐഡി കാർഡ് കാണിച്ച ശേഷം രാത്രി വൈകി അവിടെ എന്തിനാണ് ഇരിക്കുന്നതെന്ന് തിരക്കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. കൈയേറ്റത്തിന് ശേഷം ഇരുവരും ബൈക്കുമായി സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു. 

ബൈക്ക് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ഇരുവരുടെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഷാജനെ പോലീസ് പിടി കൂടുകയായിരുന്നു. 

ഇരിട്ടി പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത് ഉള്‍പ്പെടെ കാപ്പാ കേസിലെ പ്രതിയാണ് പിടികൂടാനുള്ള സുബിത്ത്. അറസ്റ്റിലായ ഷാജനെ കോടതി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ