മട്ടന്നൂർ: പാതിയില്‍ നിലച്ച മട്ടന്നൂരിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം പുനരാരംഭിക്കാനുള്ള ശ്രമം തുടങ്ങി.
കിഫ്ബിയുടെ നേതൃത്വത്തില്‍ പ്രവൃത്തി റീടെൻഡർ ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനായി വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടി വരും. നിർമ്മാണ പ്രവർത്തി ഏറ്റെടുത്തിരുന്ന രാജസ്ഥാൻ ആസ്ഥാനമായ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് ആശുപതി നിർമ്മാണം നിലച്ചത്.
ഈ ജനുവരി മുതല്‍ പണി നടക്കുന്നില്ല. 2019 ഒക്ടോബറിലാണ് സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്. കിഫ്ബി വഴി 71.5 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിർമ്മിക്കുന്നത്.
കെ.എസ്.ഇ.ബി.യാണ് പദ്ധതിയുടെ നിർവ്വഹണ ഏജൻസി. 67 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തികളാണ് തുടങ്ങിയിരുന്നത്.
മട്ടന്നൂർ-ഇരിട്ടി റോഡില്‍ റവന്യു ടവറിന് പിറകിലായി ജലസേചന വകുപ്പില്‍ നിന്ന് വിട്ടു കിട്ടിയ സ്ഥലത്താണ് ആശുപത്രി നിർമ്മിക്കുന്നത്.
നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയതോടെയാണ് പണി നിർത്തി വെച്ചത്.
തുടർന്ന് കമ്പനിയെ കരാറില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവർ നിയമ നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു. നവംബറോടെ ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ കൊവിഡ് ഉള്‍പ്പടെയുള്ള തടസ്സങ്ങള്‍ തുടക്കത്തില്‍ തന്നെ പ്രവൃത്തിയെ ബാധിച്ചു. പ്രദേശത്തെ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനുള്ള ലേല നടപടികള്‍ക്കും കാല താമസമുണ്ടായി.
റവന്യു ടവർ കെട്ടിടം തുറന്ന് 10 പത്ത് മാസം!
ആശുപത്രിക്കൊപ്പം തറക്കല്ലിട്ട റവന്യു ടവർ കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് പത്തു മാസത്തോളമായി. ആദ്യഘട്ടത്തില്‍ നൂറ് കിടക്കകളുള്ള നാല് നില കെട്ടിടവും എല്ലാ വിഭാഗങ്ങളിലുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനവുമാണ് ആശുപത്രിയില്‍ ഉണ്ടാകുക.
ലാബ്, ഒ.പി.ബ്ലോക്ക്, എമർജൻസി മെഡിക്കല്‍ കെയർ യൂണിറ്റ് എന്നിവയുണ്ടാകും. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ആശുപത്രിയില്‍ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. റീടെൻഡർ നടപടികള്‍ പൂർത്തിയാക്കി വൈകാതെ പ്രവൃത്തി പുനനാരംഭിക്കും.