Zygo-Ad

വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ തന്നെ ഭക്ഷണവും വെള്ളവും; മിഷൻ ഫുഡ് ഫോഡര്‍ വാട്ടര്‍ പദ്ധതി ഊര്‍ജിതമാക്കി വനം വകുപ്പ്


പേരാവൂർ: വന്യജീവികള്‍ക്കു വനത്തിനുള്ളില്‍ തന്നെ ഭക്ഷണവും വെള്ളവും സൗകര്യപ്പെടുത്തുന്നതിനുള്ള മിഷൻ ഫുഡ് ഫോഡർ വാട്ടർ പദ്ധതി ഊർജിതമാക്കി വനം വകുപ്പ്.

ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവികള്‍ സാന്നിധ്യം കൂടി വരുന്നതിനുള്ള പ്രധാന കാരണം വനത്തിനുള്ളിലെ ജല ദൗർലഭ്യതയും ഭക്ഷണ ക്ഷാമവുമാണ്.

വനാതിർത്തികളോട് ചേർന്നുള്ള കാർഷിക വൃത്തികളും, കാലി വളർത്തലുമാണ് ഭക്ഷണത്തിനും വെള്ളത്തിനും വന്യജീവികളെ ജനവാസ മേഖലകളിലേക്ക് ആകർഷിക്കുന്നതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. 

ഇതിന് ഒരു പരിഹാരമെന്നത് വന്യ ജീവികള്‍ക്ക് വനത്തില്‍ തന്നെ ഭക്ഷണവും ജലവും ലഭ്യമാക്കുക എന്നതാണെന്ന തിരിച്ചറിവിനെ തുടർന്നാണ് വനത്തിനുള്ളില്‍ തന്നെ വന്യ ജീവികള്‍ക്ക് വെള്ളവും ഭക്ഷണവും സൗകര്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് ആരംഭിച്ചത്. 

ഇതിനായി വനത്തിലുള്ള നീരുറവകളും കുളങ്ങളും നീർച്ചാലുകളും കണ്ടെത്തി അതില്‍ ജല ലഭ്യത ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്ന നടപടികളാണ് വേഗത്തിലാക്കിയത്.

കണ്ണൂർ വനം ഡിവിഷനില്‍ വനത്തിനുള്ളില്‍ തടയണകളുടെ നിർമാണം, കുളം വൃത്തിയാക്കല്‍ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ ഫല വൃക്ഷത്തൈകളെ കണ്ടെത്തി വിത്ത് ശേഖരിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ വനം വകുപ്പ് ഊർജിതമാക്കി. 

തളിപ്പറമ്പ് റേഞ്ചിലെ കരാമരം തട്ട് സെക്ഷനിലെ പൈതല്‍മല ഭാഗത്ത് വ്യൂ പൊയിന്റിന് സമീപത്തുള്ള തടയണ ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു. ചെളി കോരി മാറ്റി വൃത്തിയാക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു. കരാമരം തട്ട് സെക്ഷനിലെ ജീവനക്കാരും താല്‍ക്കാലിക വാച്ചർമാരുമാണ് ഈ ഉദ്യമം പൂർത്തീകരിച്ചത്. 

തളിപ്പറമ്പ് റേഞ്ചിലെ ശ്രീകണ്ഠപുരം സെക്ഷൻ, കൊട്ടിയൂർ റേഞ്ചില്‍ ഇരിട്ടി സെക്ഷൻ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും, കണ്ണവം ഫോറസ്റ്റ് റേഞ്ചില്‍ പത്തിടങ്ങളിലും വന്യജീവികള്‍ക്ക് കുടിവെള്ളം ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി കണ്ണൂർ ഡി.എഫ്.ഒ എസ്. വൈശാഖ് അറിയിച്ചു.

കണ്ണവം റേഞ്ചിലെ കണ്ണവം, നിടുമ്ബോയില്‍ സെക്ഷനുകളില്‍ ഉള്‍പ്പെട്ട നിർച്ചാലുകളില്‍ പത്തോളം ബ്രഷ് വുഡ് തടയണകളാണ് നിർമിച്ചത്. 

നിടുംപൊയില്‍ സെക്ഷനില്‍ കോളയാട് ഗ്രാമ പഞ്ചായത്തിലുള്‍പ്പെട്ട സിറാമ്പി, വേറ്റുമ്മല്‍ എന്നിവിടങ്ങളില്‍ ഫുഡ് ഫോഡർ വാട്ടർ ദൗത്യത്തിന്റെ ഭാഗമായി ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിർമിക്കുകയും, കോണ്‍ക്രീറ്റ് ചെക്ക് ഡാമിന്റെ ഡിസില്‍റ്റിങ് പ്രവൃത്തികളും നടത്തി. 

ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട കല്ലുരുട്ടിത്തോട്, ചെന്നപ്പോയില്‍ തോട്, അതക്കുഴി എന്നിവിടങ്ങളിലെ വനഭാഗങ്ങളില്‍ ഫുഡ് ഫോഡർ വാട്ടർ ദൗത്യത്തിന്റെ ഭാഗമായി ബ്രഷ് വുഡ് ചെക്ക് ഡാം, കുളം എന്നിവ നിർമിച്ചതായും വനം അധികൃതർ അറിയിച്ചു.

WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP
വളരെ പുതിയ വളരെ പഴയ