ഇരിട്ടി : ചരിത്ര പ്രസിദ്ധമായ മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ, ശ്രീ പോർക്കലി പ്രതിഷ്ഠ, പൂരം മഹാത്സവത്തിന് തുടക്കമായി. തന്ത്രിമാരായ ബ്രഹ്മശ്രീ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും നന്ത്യർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കളത്തിൽ കൃഷ്ണദാസ് നമ്പൂതിരിയുടെയും മുഖ്യ കർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം നടന്ന ആചാര്യ വരണം, മുളയിടൽ എന്നീ ചടങ്ങുകൾ നടന്നു. ഏപ്രിൽ 3ന് ധ്വജ പ്രതിഷ്ടയും, 9 ന് പോർക്കലി പ്രതിഷ്ഠ യും, ഏപ്രിൽ 3 മുതൽ 10വരെ പൂരോത്സവവും നടക്കും.
ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ സി . ബിജു ഉദ്ഘടനം ചെയ്തു. മുഴക്കുന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ആധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി ദീപം തെളിയിച്ചു. മുഖ്യാതിഥി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ എൻ.കെ. ബൈജു , പ്രശസ്ത കവി ആലംകോട് ലീലാ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത ഗായകൻ വി.ടി. മുരളി വിശിഷ്ടാതിഥി ആയിരുന്നു. മുൻ ട്രെസ്റ്റി മെമ്പർ കെ. രാമചന്ദ്രൻ, ദേവസ്വം മുൻ ചെയർമാൻ എ. കെ. മനോഹരൻ, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ടി. പ്രേമരാജൻ, മാതൃ സമിതി പ്രസിഡണ്ട് പൊന്നമ്മ കുഞ്ഞമ്മ, സ്റ്റാഫ് പ്രതിനിധി പി. ഗോപിനാഥ് എന്നിവർ സംസാരിച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഫെല്ലോഷിപ് നേടിയ ഫോട്ടോഗ്രാഫർ രാജൻ കാരിമൂല, ഗായത്രി നാമജപ സമിതി അംഗങ്ങൾ എന്നിവരെ ആദരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ സ്വാഗതവും ആഘോഷകമ്മിറ്റി സെക്രെട്ടറി എൻ. പങ്കജാക്ഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു. സാംസ്‌കാരിക പരിപാടികൾക്ക് ശേഷം കലാപരിപാടികളും നടന്നു.