Zygo-Ad

ആറളം ഫാമില്‍ നബാര്‍ഡ്‌ സ്‌കീമില്‍ നിര്‍മിച്ച 22 കെട്ടിടങ്ങളില്‍ 14 എണ്ണം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ കൈമാറി


ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയില്‍ നബാര്‍ഡ്‌ സ്‌കീമില്‍ നിര്‍മിച്ച 22 കെട്ടിടങ്ങളില്‍ 14 കെട്ടിടങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ കൈമാറി കണ്ണൂര്‍ ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫീസര്‍ ഉത്തരവിറക്കി.

എട്ട്‌ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏറ്റെടുക്കാന്‍ തയാറാകാഞ്ഞതിനാല്‍ കൈമാറാന്‍ കഴിഞ്ഞിട്ടില്ല. നബാര്‍ഡ്‌ ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രകാരം നിര്‍മിച്ച കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തന സജ്‌ജമാക്കാത്തതു വ്യാപക വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23ന്‌ മുഖ്യമന്ത്രി കെട്ടിടങ്ങളുടെ ഉദ്‌ഘാടനവും നടത്തിയതാണ്‌.

ഇതിന്‌ പിന്നാലെ പട്ടിക വര്‍ഗ വികസന വകുപ്പ്‌ മന്ത്രി ഒ.ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ്‌ മേധാവികലുടെ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമയാണ്‌ കെട്ടിടങ്ങളുടെ കൈമാറ്റം.

 പുനരധിവാസ മേഖല ബ്ലോക്ക്‌ 7 ലെ കൃഷിഭവന്‍, വെറ്ററിനറി ഡിസ്‌പന്‍സറി, മില്‍ക്ക്‌ സൊസൈറ്റി, ബ്ലോക്ക്‌ 13 ലെ എല്‍പി സ്‌കൂള്‍ ക്വാര്‍ട്ടേഴ്‌സ്, ബ്ലോക്ക്‌ 9 ലും 13 ലും ഉള്ള എല്‍പി സ്‌കൂളുകള്‍, ബ്ലോക്ക്‌ 8 ലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബ്ലോക്ക്‌ 9 ലെ ഹോമിയോ ക്വാര്‍ട്ടേഴ്‌സ്, ബ്ലോക്ക്‌ 11 ലെ ആയുര്‍വേദ ഡിസ്‌പന്‍സറി, ബ്ലോക്ക്‌ 7, 9, 10, 11, 13 എന്നിവിടങ്ങളിലെ കമ്യൂണിറ്റി ഹാളുകള്‍ എന്നീ കെട്ടിടങ്ങളാണ്‌ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ കൈമാറിയത്‌. ഇതില്‍ ഹോമിയോ ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ ഹോമിയോ വകുപ്പ്‌ ഏറ്റുവാങ്ങി. 

സിവില്‍ സപ്ലൈ വകുപ്പിനായി നിര്‍മിച്ച മൂന്ന്‌ കെട്ടിടങ്ങള്‍, സാമൂഹിക നീതി വകുപ്പിനായി നിര്‍മിച്ച അഞ്ച്‌ അങ്കണവാടി കെട്ടിടങ്ങള്‍ എന്നിവ ഇനിയും ഏറ്റുവാങ്ങാന്‍ വകുപ്പുകള്‍ തയാറാകാത്തതിനെ തുടര്‍ന്നു കൈമാറാന്‍ സാധിച്ചിട്ടില്ല. 

പുനരധിവാസ മേഖലയില്‍ 38.02 കോടി രൂപ മുടക്കിയാണ്‌ 22 കെട്ടിടങ്ങള്‍ നിര്‍മിച്ചത്‌. 17.39 കോടി രൂപ മുടക്കിയ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടം പ്രവര്‍ത്തനസജ്‌ജമാക്കുന്നതു സംബന്ധിച്ചും തീരുമാനം വന്നിട്ടില്ല. 

കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അനാഥമായി കിടക്കുന്നതില്‍ വലിയ വിമര്‍ശനവും പ്രതിക്ഷേധവും ഉയര്‍ത്തിയിരുന്നു.

പുരധിവാസ മേഖലയെ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളുടെ ശവപ്പറമ്പാക്കിയെന്ന ആരോപണം ശക്‌തമാകുന്നതിനിടയിലാണ്‌ പുതിയ കൈമാറ്റം.

വളരെ പുതിയ വളരെ പഴയ