മട്ടന്നൂർ: ചാവശ്ശേരി 19-ാം മൈലില്‍ കാർ വഴിയോര കച്ചവട കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി രണ്ടു പേർക്ക് പരിക്ക്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡരികില്‍ പ്രവർത്തിക്കുന്ന വഴിയോര സ്ഥാപനത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
പത്തൊമ്പതാം മൈല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തായിരുന്നു അപകടം. കരിമ്പിൻ ജ്യൂസും ഇളനീരും വില്പന നടത്തുന്ന വഴിയോര സ്ഥാപനത്തിലേക്ക് കാർ പാഞ്ഞു കയറുകയായിരുന്നു.
കരിമ്പിൻ ജ്യൂസ് വില്പന നടത്തുന്നയാളെ ഇടിച്ചു തെറിച്ച് കലുങ്കിലും ഇടിച്ചാണ് കാർ താഴ്ചയിലേക്ക് മറിയാതെ നിന്നത്.
കാറിലെ യാത്രക്കാരിക്കും വഴിയോര കച്ചവടക്കാരനുമാണ് പരിക്കേറ്റത്. ഇവർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.