ഇരിട്ടി: പുഴ തുരുത്തില്‍ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തില്‍ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്.
ബുധനാഴ്ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെ പുഴ കടത്തി പൗലോസ് തുരത്തില്‍ കെട്ടിയതായിരുന്നു. അല്പ സമയത്തിനു ശേഷം രണ്ട് പശുക്കള്‍ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് കറവപ്പശുവിനെ ചത്ത നിലയില്‍ കാണപ്പെട്ടത്. ഈ പശുവിനെ കാട്ടാന ആക്രമിക്കുന്നത് കണ്ട് സമീപത്തു തന്നെ കെട്ടിയ മറ്റ് രണ്ടു പശുക്കള്‍ വിറളി പിടിച്ച് കയർ പൊട്ടിച്ച് ഓടുകയായിരുന്നു.
വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
എടൂർ വെറ്റിനറി സർജൻ മൃതദേഹ പരിശോധന നടത്തിയതിനു ശേഷം പശുവിനെ സംസ്കരിച്ചു. ദിവസേന നാല് ലിറ്റർ പാല്‍ നല്‍കുന്ന കറവപ്പശുവാണ് കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്.
ആറളം ഫാമില്‍ നിന്നും പുഴ കടന്ന് എത്തുന്ന പുഴ തുരുത്ത് വഴിയാണ് മുഴക്കുന്ന്, ആറളം പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ പ്രവേശിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പുഴതുരത്തില്‍ എത്തിയ മൂന്ന് കാട്ടാനകളെ ഏറെ സാഹസപ്പെട്ടാണ് വനം വകുപ്പ് കാട്ടിലേക്ക് തുരത്തിയത്.
പുഴതുരുത്തില്‍ കാടുമൂടിയ പ്രദേശത്ത് കാട്ടാന ഒളിഞ്ഞിരിക്കുന്നത് പലപ്പോഴും പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുകയില്ല.
പശു കാട്ടാന അക്രമത്തില്‍ ചത്തതോടെ പുഴയില്‍ കുളിക്കാനും വസ്ത്രം അലക്കാനും പോകുന്നവരും വളർത്തു മൃഗങ്ങളെ തീറ്റാൻ പോകുന്നവരും ഭീതിയിലാണ് .