Zygo-Ad

ഇരിട്ടിയിൽ എടക്കാനം റിവർ വ്യൂ പോയിന്റില്‍ നടന്ന ആക്രമണം: മൂന്നാം പ്രതിയും പിടിയില്‍


ഇരിട്ടി: ഇരിട്ടിയിലെ എടക്കാനം റിവർ വ്യൂ പോയിന്റില്‍ നാട്ടുകാർക്ക് നേരെ നടന്ന ആക്രമണക്കേസിലെ മൂന്നാം പ്രതിയും പൊലീസ് പിടിയിലായി.

അരുണ്‍ എന്ന അരൂട്ടിയെയാണ് (33) ഇരിട്ടി സി.ഐ. എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ മൂന്ന് വാഹനങ്ങളിലായെത്തിയ 15 അംഗ സംഘമാണ് മാരകായുധങ്ങളുമായി റിവർ വ്യൂ പോയിന്റില്‍ ആക്രമണം അഴിച്ചു വിട്ടത്. ഈ സംഭവത്തില്‍ അഞ്ച് നാട്ടുകാർക്ക് പരിക്കേല്‍ക്കുകയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

നേരത്തെ, ഈ കേസുമായി ബന്ധപ്പെട്ട് സിപിഎം കാക്കയങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗം പാലപ്പുഴ സ്വദേശി എ. രഞ്ജിത്ത്, അക്ഷയ് എന്നിവരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൂത്തുപറമ്പിലെ കുഴല്‍പ്പണ കേസ്, നാടൻ തോക്ക് കൈവശം വച്ചതുള്‍പ്പെടെ കേസുകള്‍ പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്. 15 പ്രതികളാണ് സംഭവത്തിലുള്ളത്. 

കേസിലെ ഒന്നാം പ്രതിയും ശുഹൈബ് വധക്കേസിലെ രണ്ടാം പ്രതിയുമായ ദീപ് ചന്ദ് ഉള്‍പ്പെടെയുള്ള 13 പ്രതികള്‍ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുന്നതായി ഇരിട്ടി സിഐ എ. കുട്ടികൃഷ്ണൻ പറഞ്ഞു. അക്രമികള്‍ ഉപയോഗിച്ച മൂന്നു വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ