ഇരിട്ടി പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാരും തൊഴിലാളികളും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യുവതി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് കണ്ട് അതുവഴി വന്ന ലോറി ഡ്രൈവർ ബഹളം വെക്കുകയായിരുന്നു.
ബഹളം കേട്ട ഉടൻ തന്നെ പാലത്തിന് സമീപം നിർമ്മാണ ജോലിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി പുഴയിലേക്ക് എടുത്തുചാടി. എന്നാൽ രക്ഷാപ്രവർത്തനത്തിനിടയിൽ ഇദ്ദേഹം അവശനായി. ഈ സമയം സ്ഥലത്തുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശി പ്രജോദ് കൂടി പുഴയിലേക്ക് ചാടിയതോടെയാണ് ഇരുവരെയും കരയ്ക്കടുപ്പിക്കാൻ സാധിച്ചത്. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. യുവതിയെയും അവശനായ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
