കുത്തുപറമ്പ്: അമ്മ പകർന്നുനൽകുന്ന ജീവിതപാഠങ്ങൾ മക്കളുടെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്താറുണ്ടെങ്കിലും, ഇവിടെ മകൾ കാണിച്ച വഴിയിലൂടെ സഞ്ചരിച്ച് മികച്ച നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ് മാങ്ങാട്ടിടം സൗത്ത് ആമ്പിലാട്ടെ കെ പി പ്രിനിത എന്ന അമ്മ. മകൾ അനുവർണികയ്ക്കൊപ്പം ദേശീയ യോഗാ വേദിയിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിനിത.
കാസർകോട് നടന്ന സംസ്ഥാന സ്പോർട്‌സ് യോഗാ ചാമ്പ്യൻഷിപ്പിൽ നാല് ഇനങ്ങളിൽ സ്വർണം നേടിയാണ് മമ്പറം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ അനുവർണിക ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. ഒക്ടോബർ ഒന്നു മുതൽ നാലു വരെ രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന ദേശീയ യോഗാ ചാമ്പ്യൻഷിപ്പിൽ അനുവർണിക മത്സരിക്കും. എട്ടാം വയസ്സു മുതൽ യോഗാരംഗത്തുള്ള അനുവർണിക ഇതിനകം ആറു തവണ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൊളംബോയിൽ നടന്ന ലോക യോഗാ കപ്പിൽ സ്വർണമെഡൽ നേടിയ താരം കൂടിയാണ്. സ്പോർട്‌സ് കൗൺസിൽ യോഗാ കോച്ച് കെ ടി കൃഷ്ണദാസിന്റെ കീഴിലാണ് അനുവർണിക പരിശീലനം നടത്തുന്നത്.
മകളുടെ വഴിയെ പിന്തുടർന്ന് യോഗ അഭ്യസിച്ചു തുടങ്ങിയ പ്രിനിത, യോഗാ അസോസിയേഷൻ ഓഫ് കേരളയുടെ 30-35 വിഭാഗത്തിൽ സംസ്ഥാനതലത്തിൽ വെങ്കലമെഡൽ നേടിയാണ് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബറിൽ ബീഹാറിലെ പട്‌നയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലാണ് പ്രിനിത കേരളത്തിന് വേണ്ടി കളത്തിലിറങ്ങുക. ഡോ. പ്രേമരാജൻ കാനയാണ് പ്രിനിതയുടെ പരിശീലകൻ. എം സുജേഷാണ് പ്രിനിതയുടെ ഭർത്താവ്. അദ്വിക് സഹോദരനാണ്.
