ഇരിട്ടി: ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും രണ്ടംഗസംഘം തടഞ്ഞു വച്ച് കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഓട്ടോറിക്ഷ തല്ലി തകർക്കുകയൂം ചെയ്തു.
ഇരിട്ടിക്ക് സമീപം വിളക്കോട് ടൗണില്‍ റേഷൻ കടയ്ക്ക് സമീപത്തു വച്ച് ചൊവ്വാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ മുഴക്കുന്ന് സ്വദേശികളായ ഉമ്മർ ഫാറൂഖ് (46), സിനോജ് (30) എന്നിവർക്ക് പരിക്കേറ്റു.
ഉമ്മറിന്‍റെ ഓട്ടോറിക്ഷയും അക്രമികള്‍ തല്ലി തകർത്തു. ഉമ്മറിന്‍റെ സുഹൃത്തിന്‍റെ സുഹൃത്തുക്കളായ മുഴക്കുന്ന് സ്വദേശികളായ റഹീം, സലീം എന്നിവരാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഫോണ്‍ ചെയ്തു വിളിച്ചു വരുത്തിയ ശേഷം യാതൊരു പ്രകോപനവും ഇല്ലാതെ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് തട്ടുകടയില്‍ വച്ച് കൊട്ടിയൂർ തീർഥാടനം കഴിഞ്ഞെത്തിയ ഭക്തരുമായി പ്രതികള്‍ വാക്കുതർക്കത്തില്‍ ഏർപ്പെട്ടതില്‍ ഇടപെട്ട് സംസാരിച്ച വൈരാഗ്യമാണ് ആക്രമണ കാരണം എന്നാണ് പരാതിക്കാരൻ പറയുന്നത്.