കൊട്ടിയൂർ :അടുത്ത വർഷം കൊട്ടിയൂർ വൈശാഖോത്സവ കാലത്തെ ഗതാഗതം സൗകര്യം ഒരുക്കൽ, സുരക്ഷ എന്നിവ സംബന്ധിച്ച് പൊലീസ് തയാറാക്കിയ മാസ്റ്റർ പ്ലാൻ കൊട്ടിയൂർ ദേവസ്വം ചെയർമാന് കൈമാറി.
പേരാവൂർ ഡിവൈഎസ്പി എം.പി.ആസാദാണ് മാസ്റ്റർപ്ലാൻ കൈമാറിയത്. ഇദ്ദേഹം തന്നെയാണു നിർദേശങ്ങൾ തയാറാക്കിയത്. മാപ് സഹിതമുള്ള മാസ്റ്റർ പ്ലാൻ രണ്ട് ഘട്ടമായി നടപ്പിലാക്കേണ്ട സൗകര്യങ്ങളെക്കുറിച്ചാണ് വിശദീകരിച്ചിട്ടുള്ളത്.
ഉത്തര മേഖലാ ഐജി രാജ്പാൽ മീണ, റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര, കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൽ എന്നിവർ ക്ഷേത്ര പരിസരത്ത് നേരിട്ടെത്തി നിരീക്ഷണം നടത്തിയിരുന്നു. ഇവരുടെ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുള്ളത്.
ഓരോ വർഷവും ഭക്തജനത്തിരക്ക് വർധിക്കുന്നതിനാൽ സ്ഥല പരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കൊട്ടിയൂരിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഗതാഗതം സംബന്ധിച്ച് 14 നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
പതിനായിരത്തിലധികം വാഹനങ്ങളെങ്കിലും ഒരേ സമയം പാർക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ പാർക്കിങ് സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും കെഎസ്ആർടിസി സ്റ്റാൻഡിനോട് ചേർന്ന് പുതുതായി ഒരു ബസ് ബേ നിർമിക്കണമെന്നും മാസ്റ്റർ പ്ലാനിലുണ്ട്.